സീറോമലബാർ സഭ പ്രേഷിത വാരാചരണം തുടങ്ങി
Tuesday, January 7, 2025 2:07 AM IST
കൊച്ചി: സ്വഭാവത്താലേ പ്രേഷിതയായ സഭ വിശ്വാസത്തിന്റെ വളർച്ചയ്ക്കും നന്മയുള്ള സമൂഹനിർമിതിക്കുമായി ആത്മാർപ്പണം ചെയ്യണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സഭയുടെ മിഷൻ ഓഫീസ് നേതൃത്വം നൽകുന്ന പ്രേഷിത വാരാചരണം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷങ്ങളിൽ ഒഡീഷ, തെലങ്കാന, ആന്ധ്രാ, നോർത്ത് ഈസ്റ്റ് എന്നീ മിഷൻപ്രദേശങ്ങളിലുണ്ടായ പ്രേഷിതവളർച്ച അഭിനന്ദനാർഹമാണ്. സീറോമലബാർ സഭയ്ക്ക് പ്രേഷിതപ്രവർത്തനം ചെയ്യാനായി ലഭിച്ചിരിക്കുന്ന ഭാരതം മുഴുവനിലും ആഗോളതലത്തിലുമുള്ള മിഷൻ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും വേണം.
പ്രേഷിതദൈവവിളികളെ പ്രോത്സാഹിപ്പിക്കണം. രൂപതകളിൽ അധികമുണ്ടാകുന്ന ദൈവവിളികളെ മിഷൻ പ്രദേശങ്ങളിൽ വിന്യസിപ്പിക്കാനുള്ള തുറവിയും വിശാലമനോഭാവവും ഉദാരതയും എല്ലാവർക്കും ഉണ്ടാകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട്, സഭാ ആസ്ഥാനത്ത് ശുശ്രൂഷ ചെയ്യുന്ന വൈദികർ, സന്യസ്തർ എന്നിവർ പ്രേഷിതപ്രതിജ്ഞ ചെയ്ത് ഉദ്ഘാടനപരിപാടികളിൽ ഭാഗമായി.
പ്രേഷിതവാരചരണ പരിപാടികൾക്ക് ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, സിസ്റ്റർ മെർലിൻ ജോർജ് എന്നിവർ നേതൃത്വം നല്കും.
മിഷൻ വാരാചരണം 12 വരെ
‘മിഷനെ അറിയുക, മിഷനറിയാകുക’ എന്നതാണ് 12 വരെയുള്ള പ്രേഷിതവാരത്തിന്റെ മുഖ്യസന്ദേശം. ഓരോ ദിവസവും ചെയ്യാനായുള്ള കർമപരിപാടികൾ തയാറാക്കിയിട്ടുണ്ട്.
മിഷനുവേണ്ടി പ്രാർഥിക്കുക, യേശു അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുക, പ്രേഷിതാഹ്വാനമുള്ള തിരുവചനങ്ങൾ പഠിക്കുക, സ്വന്തം രൂപതയുടെയും ഇടവകയുടെയും മിഷനുവേണ്ടി പ്രാർഥിക്കുകയും സാധ്യമാകും വിധം പ്രവർത്തിക്കുകയും ചെയ്യുക, മിഷനറിമാരെയും അവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് അറിയുക എന്നിവയാണ് ഈ വർഷത്തെ കർമപരിപാടികളിൽ പ്രധാനമായവ.
12 പ്രേഷിത ഞായറായി ആചരിക്കും. പ്രേഷിതവാരാചരണത്തെക്കുറിച്ചുള്ള മേജർ ആർച്ച്ബിഷപ്പിന്റെ സർക്കുലർ, വാരാചരണത്തിന്റെ പ്രാർഥനകൾ, പ്രതിജ്ഞ, പോസ്റ്ററുകൾ തുടങ്ങിയവ സഭാകേന്ദ്രത്തിൽനിന്നു രൂപതകളിൽ ലഭ്യമാക്കിയിട്ടുണ്ട്.