മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്
Tuesday, January 7, 2025 2:07 AM IST
മലപ്പുറം: പി.വി. അന്‍വറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലകളില്‍ കാട്ടാനകളുടെ ആക്രമണം പതിവായിരിക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനു താത്പര്യമില്ല.
പ്രശ്നങ്ങള്‍ ഉയര്ത്തികൊണ്ടുവരുന്നവര്ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നതു ശരിയല്ല. ഒരുകാലത്തും ഉണ്ടാകാത്ത തരത്തിലാണു കാട്ടുമൃഗങ്ങളുടെ ആക്രമണമുണ്ടാകുന്നത്. ഗൗരവമായി ഇതൊന്നു ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറല്ല. ഈ വിഷയത്തില്‍ മലയോര മേഖല കേന്ദ്രീകരിച്ച് മുസ്ലിം പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
വനമേഖലയില്‍ ജീവിക്കുന്ന ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭം നടത്തിയ ജനപ്രതിനിധിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ ഒരു നോട്ടീസ് നല്കിയാല് തീരുന്ന വിഷയമാണ്. എന്നാല്‍ അറസ്റ്റ് നടപടികള്‍ കണ്ടാല്‍ ഒരു ക്രിമിനലിനോടു പെരുമാറുന്ന രീതിയിലാണ്. ഇതൊന്നും അംഗീകരിക്കാന്‍ സാധിക്കില്ല. എന്ത് കാര്യത്തിന് വേണ്ടിയാണു സമരം നടത്തിയത് എന്നുകൂടി പരിശോധിക്കണം.
വീട് വളഞ്ഞ് രാത്രിയില്‍ അറസ്റ്റ് നാടകം നടത്തിയത് തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.നിയമസഭ തല്ലിപ്പൊളിച്ചതുള്പ്പെടെ ഇതിലും വലിയ അക്രമ സംഭവങ്ങള്‍ക്കു നേതൃത്വം നല്കിയവരാണ് സിപിഎമ്മും അവരുടെ നേതാക്കളും. അവര്ക്കെതിരേയൊന്നുമില്ലാത്ത നടപടിയാണ് ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്.
അതൊരു പകതീര്‍ക്കലാണ്. അന്‍വറിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യമെല്ലാം കൂട്ടായെടുക്കേണ്ട തീരുമാനമാണ്. ഇതു സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ പരസ്പരം കൂടിയാലോചനയും ചര്‍ച്ചയും പലവിധത്തില്‍ നടന്നിട്ടുണ്ടെന്നായിരുന്നു മറുപടി.