ഹത്രാസ് സംഭവത്തില്‍ മലപ്പുറം സ്വദേശിയുടെ അറസ്റ്റ്: ഇടപെടാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്
Tuesday, January 7, 2025 2:07 AM IST
മലപ്പുറം: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് മലപ്പുറം പൂന്താവനം കാര്യമാട് സ്വദേശി കമാലിനെ അറസ്റ്റ് ചെയ്തത് ഉത്തര്‍പ്രദേശ് പോലീസാണെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ കമ്മീഷന് കഴിയില്ലെന്നും മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്.
പരാതി പരിഹാരത്തിന് ഉത്തര്‍പ്രദേശ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയോ ദേശീയ മനുഷ്യാവകാശ കമ്മീഷനെയോ സമീപിക്കാമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
2023 മാര്‍ച്ച് മൂന്നിനു യുപി പോലീസ് മേലാറ്റൂര്‍ പോലീസിന്റെ സഹായത്തോടെ വീട്ടിലെത്തി തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഭാര്യ സജ്ന സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തന്റെ ഭര്‍ത്താവ് ഇപ്പോള്‍ ലക്നോ ജയിലിലാണെന്നും സിദ്ദിഖ് കാപ്പനുമായുള്ള ബന്ധമാണ് അറസ്റ്റിന് കാരണമെന്നും പരാതിക്കാരി അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവിയില്‍നിന്നു കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് പോലീസ് ടാസ്ക് ഫോഴ്സാണ് അറസ്റ്റ് ചെയ്തതെന്നും ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 199/2020 കേസിലാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരിയുടെ ഭര്‍ത്താവിനെ കരിപ്പൂരില്‍നിന്നു വിമാനമാര്‍ഗം ആഗ്രയിലേക്കു കൊണ്ടുപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി സാമ്പത്തിക ഇടപാട് നടത്തിയതിനാണു പ്രതിചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുപി പോലീസിനെ സഹായിക്കുക മാത്രമാണ് ഇക്കാര്യത്തില്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.