കളറായി അനന്തപുരി
Tuesday, January 7, 2025 2:07 AM IST
ജോണ്സണ് വേങ്ങത്തടം
തിരുവനന്തപുരം: വെയിലത്തു വാടാത്ത ആവേശമായി മൂന്നാംദിനം. അരങ്ങുതകര്‍ത്ത് മിമിക്രിയും മോണോ ആക്ടും മനസ് കുളിര്‍പ്പിച്ച് ഭരതനാട്യവും കുച്ചിപ്പുടിയും തിരുവാതിരയും കേരളനടനവും സദസിനെ ഒന്നാകെ കൈയിലെടുത്ത് ചവിട്ടുനാടകവും മൂകാഭിനയവും പുതുമപകര്ന്ന മലപുലയ ആട്ടവും ആവേശം ഒട്ടുചോരാതെ ദഫ്മുട്ടും പരിചമുട്ടും കോല്‍ക്കളിയും. ഇവയെല്ലാം ആസ്വാദകഹൃദയങ്ങള്‍ക്കു സമ്മാനിച്ചതു ധന്യനിമിഷങ്ങള്‍.
പ്രവൃത്തി ദിനമായിട്ടും കാണികളടക്കം മികച്ച പങ്കാളിത്തമുണ്ട് എല്ലായിടത്തും. കലോത്സവത്തിലെ സൂപ്പര്‍ഹിറ്റ് മത്സരങ്ങള്‍ കാണാന്‍ രാവിലെ മുതല്‍ കാണികളുടെ ഒഴുക്കായിരുന്നു.
മൂകാഭിനയ വേദിയില്‍ വയനാടിന്റെ ദു:ഖവും അതിജീവനവുമായിരുന്നു നിറഞ്ഞു നിന്നത്. ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്കൂള്‍ വിഭാഗം തിരുവാതിരക്കളി, ഹൈസ്കൂള്‍ വിഭാഗത്തിന്റെ ദഫ്മുട്ട്, ചവിട്ടുനാടകം, ഹയര്‍സെക്കണ്ടറി വട്ടപ്പാട്ട് അടക്കം ഗ്ലാമര്‍ ഇനങ്ങള്‍ അരങ്ങുവാഴുകയായിരുന്നു .
സംഘാടനത്തില്‍ കാര്യമായ പരാതികളില്ലാതെയാണ് തലസ്ഥാനത്ത് മേള പുരോഗമിക്കുന്നത്. വേദികളില്‍ പ്രതിഷേധങ്ങള്‍ കുറഞ്ഞു. നിളപോലെ കലയുടെ ഓളത്തില്‍ ജനം വേദികളില്‍ നിന്നും വേദികളിലേക്ക് ഒഴുകുകയാണ്. ഇതേ സമയം സ്വര്‍ണക്കപ്പിനുവേണ്ടി ഇഞ്ചോടിഞ്ച് മത്സരമാണ്.
വിവിധ ജില്ലകകള്‍ തമ്മില്‍ ഒരോ ഇനവും കഴിയും തോറും മത്സരം മുറുകിവരുന്നു. കപ്പ് വിട്ടുതരില്ലെന്ന വാശിയില്‍ മൂന്നാം ദിനത്തിലും കണ്ണൂരാണ് മുന്നില്‍. വീറും വാശിയും ഒട്ടും കുറയാതെ തൃശൂരും കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്.
സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്താണ്. ആലപ്പുഴ എന്‍എസ് ബോയ്സ് എച്ച്എസ്എസ് മാന്നാര്‍ ആലപ്പുഴ, തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൊടുപുഴ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ്, പത്തനംതിട്ട കിടങ്ങന്നൂര്‍ എസ്വിജിവിഎച്ച് എസ്എസ് എന്നീ സ്കൂളുകള്‍ തൊട്ടു പിന്നാലെയുണ്ട്. ഒരു മത്സരത്തിന്റെ ഫലം അനുകൂലമായാല്‍ മുന്നിലെത്താവുന്ന വിശ്വാസത്തിലാണ് ജില്ലകള്‍ മത്സരിക്കുന്നത്.
മത്സരഫലം ഗ്രേഡിലേക്കു മാറിയതോടെ അധ്യാപകരും മാതാപിതാക്കളും കുട്ടികളും വിവിധ വേദികളില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന മനോഹരകാഴ്ചയും കാണാന്‍ സാധിക്കുന്നു.
ദേവനന്ദ പാടുകയാണ്; കലോത്സവ വേദിയും കടന്ന്
തിരുവനന്തപുരം: റിയാലിറ്റിഷോകളിലൂടെ ശ്രോതാക്കളെ ഹിന്ദുസ്ഥാനിയുടെ ആനന്ദരാഗങ്ങളുടെ ആരാധകരാക്കി മാറ്റിയ ദേവനന്ദയ്ക്കു സംസ്ഥാന കലോത്സവ വേദിയിലും ആസ്വാദകരുടെ നിറഞ്ഞ കൈയടികള്‍.
എച്ച്എസ്എസ് വിഭാഗം ഗസല്‍ ആലാപനത്തില്‍ സംസ്ഥാനത്തു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദേവനന്ദ എ ഗ്രേഡ് സ്വന്തമാക്കിയാണ് സദസിന്റെ പ്രിയങ്കരിയായത്. കോഴിക്കോട് റഹ്മാനിയ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ചാനല്‍ റിയാലിറ്റി ഷോകളിലെ ഫൈനലിസ്റ്റായ ദേവനന്ദ ഇത്തവണ ജില്ലയില്‍നിന്നും ഗസലില്‍ അപ്പീലിലൂടെയാണ് എത്തിയത്. ഒപ്പനയിലും ഇക്കുറി ദേവനന്ദ എഗ്രേഡ് നേടി. ഹിന്ദുസ്ഥാനി സംഗീതത്തിൽ മുന്നോട്ടു പോകാനാണ് ആഗ്രഹം.
കിനാവ് സത്യമായി; അഞ്ജനയ്ക്കിത് മധുരപ്രതികാരം
തിരുവനന്തപുരം: റബര്‍ ടാപ്പിംഗ് തൊഴിലാളിയായ മധുസൂദനന് നായരും ഭാര്യ ശ്രീരഞ്ജിനിയും തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ കണ്ട കിനാവ് സത്യമായി; മകള്‍ അഞ്ജന സംസ്ഥാന കലോത്സവത്തില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി.
സബ്ജില്ലാതലത്തില് രണ്ടാം സ്ഥാനമാണ് മണപ്പുറം ദേവീകൃപയില്‍ എം.എസ്. അഞ്ജനയ്ക്കു ലഭിച്ചത്. അപ്പീലിലൂടെയെത്തി ജില്ലയില്‍ മത്സരിച്ചു. പക്ഷേ ഇക്കുറി നാലാം സ്ഥാനമാണ് ലഭിച്ചത്. സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അപ്പീല്‍ നല്കി. അപ്പീല്‍ അനുവദിക്കപ്പെട്ടു. മികവാര്‍ന്ന പ്രകടനത്തിലൂടെ അഞ്ജന സംസ്ഥാന കലോത്സവത്തില്‍ തന്റെ മാതാപിതാക്കളുടെ സ്വപ്നം സഫലമാക്കി എ ഗ്രേഡ് നേടി മടങ്ങി.
തിരുവനന്തപുരം മലയിന്‍കീഴ് ജിജിഎച്ച്എസ്എസിലെ പ്ലസ്വണ് ബയോസയന്‍സ് വിദ്യാര്‍ഥിയാണ് എം.എസ്. അഞ്ജന. 13 വര്‍ഷമായി നൃത്തം അഭ്യസിക്കുന്നു. നൃത്താധ്യാപകരായ അഞ്ജു, ആതിര എന്നിവരാണ് അഞ്ജനയ്ക്ക് പരിശീലനം നല്‍കിയത്.
സംഗീതത്തില്‍ റിക്കാര്‍ഡിട്ട ഭാഗ്യ കലോത്സവവേദിയിലും താരം
തിരുവനന്തപുരം: കര്‍ണാടക സംഗീതത്തില്‍ നിരവധി റിക്കാര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച ഭാഗ്യ കലോത്സവ വേദിയിലും താരമായി. കോന്നി ഐരവണ്‍ പിഎസ്പിഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ ജെ. ഭാഗ്യ എച്ച്എസ്എസ് കഥകളി സംഗീതത്തിലാണ് എ ഗ്രേഡ് സ്വന്തമാക്കിയത്.
അഞ്ചു ഭാഷകളിലായി വിവിധ രാഗങ്ങളില്‍ കൂടുതല്‍ പാട്ടുകള്‍ തുടര്‍ച്ചയായി (രണ്ടു മണിക്കൂര്‍ മൂന്ന് മിനിട്ട് ഇരുപത്തിനാല് സെക്കൻഡ്) പാടി ഭാഗ്യ നേരത്തേ തന്നെ റിക്കാര്‍ഡിനുടമയാണ്. ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്, ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നീ ബഹുമതികളാണ് ഭാഗ്യയ്ക്കു ലഭിച്ചിട്ടുള്ളത്.
സ്കൂള്‍ പഠനത്തോടൊപ്പം അഞ്ചാം വയസു മുതല്‍ കലാപഠനവും ആരംഭിച്ചു. കര്‍ണാടക സംഗീതത്തില്‍ ആശാ ബെന്നും, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ രാഗം അനൂപും വയലിനില്‍ മാവേലിക്കര ബിജു നാരായണനും കഥകളി സംഗീതത്തില്‍ കലാമണ്ഡലം കൃഷ്ണകുമാറും നൽകിയ ശിക്ഷണത്തിലായിരുന്നു പഠനം.
2023 ജനുവരിയില്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഥകളി സംഗീതത്തില്‍ എ ഗ്രേഡ് നേടി. കോന്നി താഴം ശ്രീമംഗലത്ത് ജയപ്രകാശിന്റെയും അര്‍ച്ചനയുടെയും മകളാണ്. ഇരട്ട സഹോദരിയായ ഭവ്യയും കലാരംഗത്ത് സജീവമാണ്.
ബാന്‍ഡില്‍ മൗണ്ടോളം കാര്‍മല്‍
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബാന്‍ഡില്‍ മേളവും താളവും മുറിയാതെ കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂള്‍ ഇത്തവണയും സ്കൂള്‍ കലോത്സവത്തില്‍ ബാന്ഡുമേളത്തില് വിജയത്തിന്റെ ബീഗിള്‍ മുഴക്കി.
ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ബാന്‍ഡുമേളത്തിലാണ് കോട്ടയം മൗണ്ട്് കാര്‍മല്‍ എ ഗ്രേഡ് നേടിയത്. സ്കൂള്‍ കലോത്സവത്തില്‍ ബാന്‍ഡ് മത്സരയിനമായപ്പോള്‍ മുതല്‍ മൗണ്ട് കാര്‍മല്‍ സംസ്ഥാന തലത്തില്‍ മത്സരിക്കുന്നുണ്ട്. ഗ്രേഡ് ഇല്ലാത്തപ്പോള്‍ ഒന്നാം സ്ഥാനവും സ്ഥാനം മാറി ഗ്രേഡ് എത്തിയപ്പോള്‍ തുടര്‍ച്ചയായി എ ഗ്രേഡും മൗണ്ട് കാര്‍മലിനു സ്വന്തമാണ്.
1998 മുതലാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ മൗണ്ട് കാര്‍മല്‍ വിജയിക്കുകയും ഗ്രേഡ് നേടുകയും ചെയ്യുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗം രണ്ടായിരമാണ്ടു മുതല്‍ വിജയികളാണ്.
കെ.ജെ. സാബുവിന്റെ നേതൃത്വത്തില്‍ ഒരു ദിവസം പോലും മുടങ്ങാതെയുള്ള പരിശീലനമാണ് മൗണ്ട് കാര്‍മലിന്റെ വിജയ തേരോട്ടത്തിനു പിന്നില്‍.
നേവി ബ്ലൂ, വൈറ്റ് യൂണിഫോമിലെത്തിയ കുട്ടികള്‍ ഡ്രം സോളോ, റഫ്ത്താര, എവറസ്റ്റ്, ലോകകപ്പ് ഫുട്ബോള്‍ തീം തുടങ്ങിയവയാണ് അവതരിപ്പിച്ചത്.
ജോയിയുടെ കഥ പറഞ്ഞ് കക്കൂസ്..
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണത്തൊഴിലാളി എന്‍. ജോയിയുടെ കഥ പറയുന്ന കക്കൂസ് നാടകത്തിന് കൈയടി.
മൂന്നാം നമ്പര്‍ വേദിയായ ടാഗോര്‍ തീയറ്ററിലാണ് നീരാവില്‍ എസ്എന്ഡിപിവൈ എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകം അരങ്ങേറിയത്.
ഒരാഴ്ചത്തെ ചര്‍ച്ചകൊണ്ട് സമൂഹം അവസാനിപ്പിച്ച വിഷയമാണ് തങ്ങള്‍ കക്കൂസ് എന്ന നാടകത്തിലൂടെ സമൂഹത്തെ വീണ്ടും ഓര്‍മപ്പെടുത്തുന്നതെന്നു നാടകത്തില്‍ ജോയിയുടെ വേഷം അവതരിപ്പിച്ച വിഷ്ണു പറഞ്ഞു. അമാസ് എസ്. ശേഖര്‍ ആണ് നാടകം കുട്ടികള്‍ക്കായി ഒരുക്കിയത്.