അൻവറിനു ജാമ്യം, പുറത്തിറങ്ങി
Tuesday, January 7, 2025 2:19 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷന് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ ഒന്നാം പ്രതിയായ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന് ജാമ്യം ലഭിച്ചു. ഇന്നലെ രാത്രി എട്ടരയോടെ അദ്ദേഹം തവനൂരിലെ ജയിലില്‍നിന്നു മോചിതനായി. നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ നല്കിയ ജാമ്യാപേക്ഷയില്‍ വൈകുന്നേരം അഞ്ചിനാണ് ജാമ്യം അനുവദിച്ചത്.
35,000 രൂപയുടെ ആള് ജാമ്യത്തിലാണ് എംഎല്‍എ പുറത്തിറങ്ങിയത്. അതേസമയം ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ. സുകുവിനെ പോലീസ് ഇന്നലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു.
അന്‍വറിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജനപ്രതിനിധിയായ അന്‍വറിന് കര്‍ശന ജാമ്യവ്യവസ്ഥകളൊന്നും ആവശ്യമില്ലെന്നു കോടതി പറഞ്ഞു. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധി മാത്രമാണ് ജാമ്യത്തിലുള്ളത്.
ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഏതാനും പേര് നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷന് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
തുടര്‍ന്ന് കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് അകത്തു കയറി നാശനഷ്ടങ്ങള്‍ വരുത്തിയതാണ് കേസ്. എംഎല്‍എയെ കൂടാതെ മറ്റു നാലുപേരെക്കൂടി ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഇന്നാണ് കോടതിയില്‍ നല്‍കുക.
“യുഡിഎഫിനൊപ്പം കൈകോര്‍ക്കാൻ തയാർ”
മലപ്പുറം: പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ഗൂഢാലോചനയ്ക്കുമെതിരേ യുഡിഎഫിനൊപ്പം കൈകോര്‍ത്തുള്ള പോരാട്ടത്തിന് തയാറാണെന്നും പിണറായി സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും പി.വി. അന്‍വര്‍ എംഎല്‍എ.
തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍. ഇതുവരെ നടത്തിയത് ഒറ്റയാള്‍ പോരാട്ടമായിരുന്നു. നീതിപീഠത്തില്‍നിന്ന് നീതി ലഭിച്ചു. പുതിയ വനംനിയമം വന്നിരുന്നെങ്കിൽ തനിക്ക് നീതി ലഭിക്കില്ലായിരുന്നുവെന്നും അൻവർ പറഞ്ഞു.
പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവരും ധാര്‍മിക പിന്തുണ നല്‍കിയെന്നതാണ് തനിക്ക് ആശ്വാസമായത്.
താമരശേരി, ബത്തേരി ബിഷപ്പുമാര്‍, സി.പി. ജോണ്‍ തുടങ്ങിയവരും പിന്തുണച്ചു. വന്യജീവി ആക്രമണം ഭീഷണിയാണെന്ന് അംഗീകരിക്കപ്പെടുന്നതാണ് ഈ പിന്തുണയെന്നും അൻവർ പറഞ്ഞു.