നൂതന കൃഷിരീതികൾ നടപ്പിലാക്കുന്നതിൽ ഭൂവിനിയോഗം പ്രധാനം : മുഖ്യമന്ത്രി
Tuesday, January 7, 2025 2:07 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നൂതന കൃഷി രീതികൾ നടപ്പാക്കേണ്ടത് ആവശ്യമാണെന്നും അതിനായി കൃത്യമായ ഭൂവിനിയോഗത്തിന് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന ഭൂവിനിയോഗ ബോർഡ് മാസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ’തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭൂവിനിയോഗത്തിന് സാറ്റലൈറ്റ് മാപ്പിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് തുടങ്ങിയ നവീനസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം.
കേരളത്തിലെ വിഭവങ്ങൾ, തണ്ണീർത്തടങ്ങൾ, മറ്റ് ജലാശയങ്ങൾ, ഓരോ കൃഷിക്കും അനുയോജ്യമായ ഭൂഘടന എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടാകണം. ഭൂവിസ്തൃതിയിൽ കുറവുണ്ടാകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ പഠനവിധേയമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള വിശാലമായ സമീപനം അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ പ്രളയം, വരൾച്ച, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങൾ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയെയും കൃഷിരീതികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇത്തരം ദുരന്തങ്ങൾ പ്രതിരോധിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്വന്തമായി ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനുകൾ തയാറാക്കി വരുന്നു. ഭൂവിനിയോഗ ബോർഡിന്റെ കൈവശമുള്ള പഠനരേഖകളും ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിച്ചു. ഭൂവിനിയോഗ ബോർഡിന്റെ കൈപ്പുസ്തകവും സജലം പദ്ധതിയുടെ വെബ്സൈറ്റും മന്ത്രി പ്രകാശനം ചെയ്തു.