ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍; 30 പേര്‍ക്കെതിരേ കേസ്
Tuesday, January 7, 2025 2:07 AM IST
കൊച്ചി: സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളം നോര്‍ത്ത് സതീശപുരം വീട്ടില്‍ ഷാജി (60)യെയാണ് അറസ്റ്റ് ചെയ്തത്.
നെട്ടൂരിലെ ഒരു പ്രിന്റിംഗ് പ്രസില്‍ കട്ടറായി ജോലി ചെയ്യുകയാണ് ഇയാള്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തിയായിരുന്നു അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ 30 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച നടി ഹണി റോസ് നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നടി നേരിട്ട് എത്തിയാണ് സെന്‍ട്രല്‍ എസിപി സി. ജയകുമാറിന് പരാതി നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടി ഞായറാഴ്ച രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ഒരു വ്യക്തി തുടര്‍ച്ചയായി തന്നെ വേദികളില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്നാണ് ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചത്. അതിനു താഴെയാണ് ചിലര്‍ സ്ത്രീവിരുദ്ധ കമന്റുകളുമായെത്തിയത്.
യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്
വിമര്‍ശനങ്ങളില്‍ അസഭ്യ, അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാം സംരക്ഷണ സാധ്യതകളും പഠിച്ച് താന്‍ രംഗത്തെത്തുമെന്ന് നടി ഹണി റോസ്.
ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് തന്റെ ജോലിയുടെ ഭാഗമാണ്. ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല.
തന്റെ വസ്ത്രധാരണത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധം ഇല്ല. പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ക്ക് ഒരു റീസണബിള്‍ റെസ്ട്രിക്ഷന് വരണമെന്ന് വിശ്വസിക്കുന്നെന്ന് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഹണി റോസ് പറഞ്ഞു. ഒരിക്കല്‍കൂടി പറയുന്നു, സമൂഹമാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാപണ്ഡിതമന്യന്മാരേ, നിങ്ങളോട് അതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നാണ് ഹണി പറയുന്നത്.