തമ്മിലടിക്ക് മറയിടാന്‍ കേരള കോണ്‍ഗ്രസിന്റെ പേര് വലിച്ചിഴയ്ക്കുന്നു: ജോസ് കെ. മാണി
Tuesday, January 7, 2025 2:07 AM IST
കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി. യുഡിഎഫ് നേതൃത്വത്തിനായി വലിയ തമ്മിലടിയാണ് നടക്കുന്നത്.
ഈ കലഹത്തിന് മറയിടാനാണ് കേരള കോണ്‍ഗ്രസിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്. കേരളാ കോണ്‍ഗ്രസ് -എം മുന്നണി മാറുന്നു എന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്.
യുഡിഎഫ് രാഷ്ട്രീയത്തിന്റെ നട്ടെല്ല് കെ.എം. മാണിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ അനന്തരാവകാശികളും ആണെന്ന് ചിലര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ആവര്‍ത്തിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടും ഒരേ തരത്തിലുള്ള അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വീണ്ടും പ്രചരിപ്പിക്കുകയാണ്.
രാജ്യത്തെ ഇടത് മതേതര ജനാധിപത്യ സംഘടനകളുടെ രാഷ്ട്രീയ ശക്തീകരണം ലക്ഷ്യമാക്കിയാണ് എല്‍ഡിഎഫ് ഘടകകക്ഷി എന്ന നിലയില്‍ കേരള കോണ്‍ഗ്രസ്-എം സംസ്ഥാനത്തും ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയുടെയും ഘടകമായി പ്രവര്‍ത്തിക്കുന്നത്.
യുഡിഎഫില്‍ നിന്നും പാര്‍ട്ടിയെ അകാരണമായി പുറത്താക്കിയപ്പോള്‍ ഉറച്ച രാഷ്ട്രീയ നിലപാട് സ്വീകരിച്ചാണ് കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ ഘടകകക്ഷിയായത്. അന്നത്തെ രാഷ്ട്രീയ സാഹചര്യം ഒരു മാറ്റവും കൂടാതെ ഇപ്പോഴും നിലനില്ക്കുന്നു.
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അതിശക്തമായ എല്‍ഡിഎഫ് മുന്നേറ്റത്തിനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ ഭയാശങ്കയാണ് പാര്‍ട്ടിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.