താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽ മനുഷ്യന്റെ അസ്ഥികൂടഭാഗങ്ങൾ
Tuesday, January 7, 2025 2:07 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര പാലസ് സ്ക്വയറിനടുത്തുള്ള ആൾതാമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്നു മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തി. വൈറ്റിലയിൽ താമസിക്കുന്ന ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ള, 15 വർഷത്തിലധികമായി താമസമില്ലാത്ത വീട്ടിലാണു സംഭവം.
15 ഏക്കറോളം വരുന്ന വീട്ടുവളപ്പ് കാടുമൂടിയ നിലയിലും വീട്ടിൽ ചിതൽപ്പുറ്റുകളും മറ്റും വളർന്നു കയറിയ അവസ്ഥയിലുമായിരുന്നു. സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന ഇവിടെ തിങ്കളാഴ്ച രാവിലെയും സംഘം ചേർന്നുള്ള മദ്യപാനം നടന്നിരുന്നു. വാർഡ് മെമ്പർ പരാതി പറഞ്ഞതിനെ തുടർന്നുള്ള പോലീസ് പരിശോധനയിലാണു മനുഷ്യ അസ്ഥികൂട ഭാഗങ്ങൾ വൈകുന്നേരത്തോടെ പോലീസ് കണ്ടെത്തിയത്.
വീടിന്റെ തുറന്നുകിടന്ന വാതിലിൽക്കൂടി അകത്തു കടന്ന പോലീസ് സംഘം ഉപയോഗശൂന്യമായി കിടന്നിരുന്ന ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോഴാണ് ബിഗ് ഷോപ്പർ പോലെയുള്ള കവറിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് കിറ്റുകളിലായി സൂക്ഷിച്ച നിലയിൽ തലയോട്ടിയും കൈയുടെയും കാൽപാദത്തിന്റെയും അസ്ഥികളും എല്ലിൻ കഷണങ്ങളും കണ്ടെത്തിയത്.
വളരെ പഴക്കം ചെന്ന നിലയിലായിരുന്നു അസ്ഥിക്കഷണങ്ങളും മറ്റും. അസ്ഥിക്കഷണങ്ങളിൽ ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിൽ മാർക്കിംഗുകൾ കണ്ടെത്തിയതായി ചോറ്റാനിക്കര പോലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത അസ്ഥിക്കഷണങ്ങളുടെ ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക് പരിശോധനയ്ക്ക് ഇന്ന് കൈമാറും. വിദഗ്ധ പരിശോധനകൾക്കുശേഷമേ ജഡാവശിഷ്ടങ്ങൾ സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് തിരിച്ചറിയാൻ സാധിക്കൂ.