അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടർമാർ 2.78 കോടി
Tuesday, January 7, 2025 2:07 AM IST
തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കൽ 2025 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. വോട്ടർ പട്ടിക പുതുക്കൽ കാലയളവിൽ പുതുതായി 232 പോളിംഗ് സ്റ്റേഷനുകൾ കൂട്ടിച്ചേർത്തു. ഇതോടെ സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആയി.
63,064 ആളുകളാണ് പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തത്. മരണമടഞ്ഞതും, താമസം മാറിയതും ഉൾപ്പെടെ 19,907 വോട്ടർമാരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ
(kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഓഫീസിലും വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസർമാരുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറിൽ നിന്നും വോട്ടർ പട്ടിക കൈപ്പറ്റാം.
ആകെ വോട്ടർമാരായ 2,78,10,942 പേരിൽ 1,43,69,092 സ്ത്രീ വോട്ടർമാരാണ്. 360 ഭിന്നലിംഗവോട്ടർമാരും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്. 34,01,577 പേരാണ് മലപ്പുറത്തെ വോട്ടർമാർ. 642200 പേരുള്ള വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. കൂടുതൽ സ്ത്രീ വോട്ടർമാരുള്ളത് മലപ്പുറത്താണ്. 17,00,907 പേർ.
ഭിന്നലിംഗ വോട്ടർമാർ കൂടുതലുള്ളതു തിരുവനന്തപുരം ജില്ലയിലാണ്. 93 പേരാണ് തലസ്ഥാന ജില്ലയിൽ നിന്നുള്ള ഭിന്നലിംഗ വോട്ടർമാർ. ആകെ പ്രവാസി വോട്ടർമാർ 90,124 പേരാണ്. ഇതിൽ 35,876 പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണെന്നു ചീഫ് ഇലക്ഷൻ ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പത്രസമ്മേളനത്തിൽ അറിയിച്ചു.