ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് റഫീഖ് അഹമ്മദിന്
Tuesday, January 7, 2025 2:07 AM IST
കൊച്ചി: ഹാര്‍മണി അന്തര്‍ദേശീയ പുരസ്കാരം ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദിന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം.
ഈ മാസം 12ന് കൊടുങ്ങല്ലൂര്‍ അഴീക്കോട് മാര്‍ത്തോമ്മാ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കുന്ന മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയുടെ (ഹാര്‍മണി ഫെസ്റ്റിവൽ) സമാപന സമ്മേളനത്തില്‍ മന്ത്രി കെ. രാജന് പുരസ്കാരം സമ്മാനിക്കുമെന്നു ഫെസ്റ്റിവല്‍ ചീഫ് കോ-ഓർഡിനേറ്റര്‍ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ (പാടുംപാതിരി) കൊച്ചിയിൽ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പതിനൊന്നാമത് ഹാര്‍മണി ഫെസ്റ്റിവല്‍ 10ന് ‘മുസിരിസ്’ സെമിനാറോടെ മാര്‍ത്തോമ്മാ തീര്‍ഥാടനകേന്ദ്രത്തില്‍ ആരംഭിക്കും. 11നു നൂറിലേറെ സംഗീത പ്രതിഭകള്‍ ഗാനാര്‍ച്ചന നടത്തും. 12നു വൈകിട്ട് ഏഴിനു സമാപന സമ്മേളനം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും.
ഗാനമേളയും ഉണ്ടാകും. പ്രഫ. വി.എ. വര്‍ഗീസ്, ബേബി മൂക്കന്, ജോണ്സണ് കാഞ്ഞിരത്തിങ്കല്‍ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.