രക്തഗ്രൂപ്പിലെ സങ്കീർണത മറികടന്ന് രാജഗിരിയിൽ വൃക്ക മാറ്റിവയ്ക്കൽ
Tuesday, January 7, 2025 2:07 AM IST
കൊച്ചി: പരസ്പരം ചേരാത്ത രക്തഗ്രൂപ്പുകളെന്ന സങ്കീർണത മറികടന്നു രാജഗിരി ആശുപത്രിയിൽ അപൂർവ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. പാലക്കാട് ചിറ്റൂർ സ്വദേശിയായ ഒ പോസിറ്റീവ് രക്ത ഗ്രൂപ്പുകാരനാണ് എ പോസിറ്റീവ് വൃക്ക തുന്നിച്ചേർത്തത്.
സമാന രക്തഗ്രൂപ്പിലുള്ള ദാതാവിനെ കിട്ടാതെ വന്നപ്പോൾ 33കാരനായ രോഗി ഭാര്യയിൽനിന്നു വൃക്ക സ്വീകരിക്കുകയായിരുന്നു. അഞ്ചു വർഷമായി പ്രമേഹത്തെത്തുടർന്നുള്ള വൃക്ക രോഗത്തിനു ചികിത്സയിലായിരുന്നു യുവാവ്. ഒരു വർഷമായി ഡയാലിസിസുണ്ടായിരുന്നു.
വൃക്കചികിത്സ വിഭാഗം മേധാവി ഡോ. ജോസ് തോമസ്, യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി എന്നിവരുടെ നേതൃത്വത്തിലുളള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം ദമ്പതികൾ വീട്ടിലേക്കു മടങ്ങി. രക്തഗ്രൂപ്പ് യോജിക്കാത്തതു മൂലം വൃക്ക മാറ്റിവയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ ശസ്ത്രക്രിയാ രീതിയെന്ന് ഡോ. ജോസ് തോമസ് പറഞ്ഞു.