തടവറ കാണിച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടാനാകില്ല: പി. ജയരാജൻ
Monday, January 6, 2025 5:15 AM IST
കണ്ണൂർ: തടവറ കാണിച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടാനാകില്ലെന്ന് സിപിഎം നേതാവ് പി. ജയരാജൻ.കെ.വി. കുഞ്ഞിരാമൻ, മണികണ്ഠൻ ഉൾപ്പെടെയുള്ള അഞ്ചു പ്രതികളെ ജയിലിൽ കണ്ടശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജയരാജൻ.
‘‘അവർക്ക് ജയിലിൽ വായിക്കാൻ എന്റെ ഒരു പുസ്തകം നൽകി. ജയിൽജീവിതം കമ്യൂണിസ്റ്റുകാർക്കു വായിക്കാനുള്ളതാണ്. അങ്ങനെ അവർ പ്രബുദ്ധരാകും.
തടവറ കാണിച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടാൻ സാധിക്കില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കണം എന്നാണു സിപിഎം ആഗ്രഹിക്കുന്നത്. എന്നാൽ അതിലപ്പുറം ചില ആക്രമണങ്ങൾ നടക്കുന്നു.
വലതുപക്ഷ മാധ്യമങ്ങൾക്ക് ഇടതുപക്ഷവിരുദ്ധ ജ്വരമാണ്. മനുഷ്യാവകാശ കമ്മീഷന്റെ ശിപാർശ പ്രകാരം കൊടി സുനിക്കു പരോൾ കിട്ടിയപ്പോൾ മാധ്യമങ്ങൾ വിമർശിച്ചു’’ - ജയരാജൻ പറഞ്ഞു. പാർട്ടി തള്ളിപ്പറഞ്ഞവരെ കാണാൻ ജയിലിൽ വന്നത് ശരിയാണോ എന്ന ചോദ്യത്തിന്, കേസിന്റെ മെറിറ്റിലേക്കു കടക്കാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ജയരാജന്റെ മറുപടി.
‘കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന സ്വന്തം പുസ്തകവുമായാണു ജയരാജൻ ജയിലിൽ പ്രതികളെ സന്ദർശിച്ചത്.