ശബരിമല തീര്ഥാടകന് ദാരുണാന്ത്യം
Monday, January 6, 2025 5:04 AM IST
പമ്പാവാലി: നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്ഥാടകന് തൽക്ഷണം മരിച്ചു. തമിഴ്നാട് സ്വദേശി ശിവദാസ് (65) ആണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട് ഇറക്കത്തിലൂടെ പാഞ്ഞു വരുന്ന മിനി ബസ് കണ്ട് ആളുകൾ നിലവിളിയോടെ ഓടിമാറിയതുകൊണ്ട് വൻ അപകടം ഒഴിവായി.
നിർത്തിയിട്ടിരുന്ന ഒരു മിനി ബസിലും ഇന്നോവ കാറിലും ഇടിച്ച ശേഷം ബസിന്റെ മുന്‍ഭാഗം താഴ്ചയിലേക്ക് കുത്തിനിൽക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 4.10ന് ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് കവലയിലാണ് അപകടം. പരിക്കേറ്റ 10 പേരെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇതര സംസ്ഥാന വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സമാന്തര പാത വഴി എത്തിയതാണ് അപകടത്തിനു കാരണമായത്. ഈ പാതയിൽ പോലീസ് ഡ്യൂട്ടി ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ചായ കുടിച്ച ശേഷം നിർത്തിയിട്ടിരുന്ന ബസിന്റെ അടുത്ത് നിൽക്കുമ്പോഴാണ് തീർഥാടകന്റെ നേരേ മിനി ബസ് പാഞ്ഞെത്തി ശരീരത്തിലൂടെ കയറിയിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.
മിനി ബസ് പാഞ്ഞുവരുന്നത് കണ്ട് തീർഥാടകനോട് ഓടി മാറാൻ നാട്ടുകാർ വിളിച്ചു പറഞ്ഞിരുന്നെങ്കിലും പെട്ടന്ന് ഓടി മാറാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ബസ് എത്തിക്കഴിഞ്ഞിരുന്നു.
രക്ഷ വൈകി
അപകടം സംഭവിച്ച ഉടനെ നാട്ടുകാർ ആംബുലൻസ് സഹായം തേടിയെങ്കിലും എത്തിയത് മുക്കാൽ മണിക്കൂർ കഴിഞ്ഞാണെന്ന് സ്ഥലത്തുണ്ടായിരുന്ന മൂക്കൻപെട്ടി സ്വദേശി സാബു പറഞ്ഞു. കണമലയിൽ ക്യാമ്പ് ചെയ്യുന്ന ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് കിട്ടാൻ സാബു ഫോൺ ചെയ്തിരുന്നു. ബാറ്ററി തകരാർ മൂലം ഈ ആംബുലൻസ് ലഭ്യമല്ലെന്ന് അറിഞ്ഞതോടെ അഴുത കാളകെട്ടി ഭാഗത്തുള്ള ആംബുലൻസ് എത്തിച്ചാണ് പരിക്കേറ്റവരെ എരുമേലിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.
രണ്ട് ദിവസം മുമ്പ് അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ഇന്നലെ അപകടമുണ്ടായ ആലപ്പാട്ട് കവലയിൽ രണ്ട് ദിവസം മുമ്പ് ഒരു ബസ് ഇറക്കത്തിലൂടെ നിയന്ത്രണം തെറ്റി താഴെ പ്രധാന റോഡിലേക്ക് പാഞ്ഞെത്തിയിരുന്നു. അന്നും ആളുകൾ ഓടി മാറിയാണ് രക്ഷപ്പെട്ടത്. ഡ്രൈവർ ബസ് വെട്ടിത്തിരിച്ച് റോഡിൽ നിർത്തിയാണ് അപകടം ഒഴിവാക്കിയത്.
എളുപ്പ വഴി.. അപകടവഴി
പുളിയൻകുന്ന് മല റോഡ് ആണ് അപകടം സൃഷ്ടിക്കുന്നത്. തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ ഈ റോഡ് എത്തി പ്രധാന പാതയിൽ ചേരുന്നത് കുത്തിറക്കത്തിലൂടെയാണ്. ഈ ഇറക്കത്തിലൂടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി താഴെ കവലയിൽ എത്തി ഒട്ടേറെ അപകടങ്ങളും മരണങ്ങളും മുമ്പുണ്ടായിട്ടുണ്ട്. ഇത് മുൻനിർത്തി ഈ പാതയിൽ ശബരിമല സീസണിൽ ഇതര സംസ്ഥാന വാഹനങ്ങൾ അനുവദിച്ചിരുന്നില്ല. പാതയുടെ പ്രവേശന ഭാഗത്ത് പോലീസ് ഡ്യൂട്ടി മുമ്പ് ഏർപ്പെടുത്തിയിരുന്നു.
ഇത്തവണ ഇതുവഴി നിരവധി ഇതര സംസ്ഥാന വാഹനങ്ങൾ സഞ്ചരിച്ചെന്നും അപകടം ഒഴിവാക്കാൻ വാഹനങ്ങൾ ഇനി ഇതുവരെ സീസൺ തീരുന്നതു വരെ കടത്തിവിടാതെ പോലീസ് ഡ്യൂട്ടി ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.