കെഎഫ്സി നിക്ഷേപക അഴിമതി : സർക്കാരിനോട് അഞ്ചു ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
Monday, January 6, 2025 4:46 AM IST
തിരുവനന്തപുരം: അനിൽ അംബാനിയുടെ കന്പനികൾ തകർന്നു കൊണ്ടിരിക്കുന്ന കാലത്ത് ആർസിഎഫ്എല്ലിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ അഴിമതിയിൽ സർക്കാരിനോട് അഞ്ചു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അനിൽ അംബാനിയുടെ കന്പനിയിൽ കെഎഫ്സി പണം നിക്ഷേപിച്ചു സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കിയതിനു പിന്നിൽ വൻ അഴിമതി നടന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് സർക്കാരിനോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
• ഫിനാൻഷ്യൽ കോർപറേഷൻ ആക്ടിലെ സെക്്ഷൻ 34 പ്രകാരം കെഎഫ്സി നടത്തുന്ന നിക്ഷേപങ്ങൾ ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നിരിക്കെ സാന്പത്തികമായി തകർന്ന അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ കെഎഫ്സി നടത്തിയ നിക്ഷേപം ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നോ?
• റിലയൻസിൽ കെഎഫ്സി നിക്ഷേപം നടത്തുന്നതിന് മുൻപ് ആർസിഎഫ്എല്ലിന്റെ മാതൃ സ്ഥാപനമായ റിലയൻസ് ക്യാപിറ്റൽ ലിമിറ്റിഡിന്റെയും സഹോദര സ്ഥാപനമായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെയും സാന്പത്തിക സ്ഥിതിയും സാന്പത്തിക ബാധ്യതകളും പരിശോധിച്ചിരുന്നോ?
• അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ കെഎഫ്സി 60.80 കോടി നിക്ഷേപിക്കുന്പോൾ റിലയൻസ് ഗ്രൂപ്പിന് രാജ്യത്തെ വിവിധ ബാങ്കുകളിൽ 50,000 കോടിയുടെ ബാധ്യത ഉണ്ടെന്ന വസ്തുത വാർത്തയായിട്ടും കെഎഫ്സിയും സർക്കാരും അറിഞ്ഞില്ലേ?
കെയർ എന്ന റേറ്റിംഗ് ഏജൻസി ആർസിഎഫ്എല്ലിനെയും സഹോദര സ്ഥാപനങ്ങളെയും കുറിച്ച് നൽകിയ റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തിയത് കെഎഫ്സി പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്?
•അംബാനിയുടെസ്ഥാപനത്തിൽ നടത്തിയ നിക്ഷേപത്തെ കുറിച്ച് 2018, 2019 വാർഷിക റിപ്പോർട്ടുകളിൽ കെഎഫ്സി മറച്ചുവച്ചതിന്റെ കാരണമെന്ത്? നിയമസഭയിൽ രണ്ടു തവണ ചോദ്യം വന്നിട്ടും ഇതുവരെ മറുപടി നൽകാതിരുന്നത് എന്തുകൊണ്ടാണ്?
ഈ ചോദ്യങ്ങൾക്കു സർക്കാർ മറുപടി നൽകിയേ മതിയാകൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.