എൻഐഎ മാവോയിസ്റ്റുകളുമായി തെളിവെടുപ്പിനെത്തി
Monday, January 6, 2025 4:46 AM IST
ഇരിട്ടി : കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് നടന്ന മാവോയിസ്റ്റ് തണ്ടർബോൾട്ട് വെടിവയ്പിനെക്കുറിച്ച് എൻഐഎ അന്വേഷണ തുടങ്ങി. എൻഐഎ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പോലീസ് പിടിയിലായ മാവോയിസ്റ്റുകളായ മൊയ്തീൻ, സോമൻ, മനോജ് എന്നിവരുമായി തെളിവെടുപ്പിനു ഉരുപ്പുംകുറ്റി ഞെട്ടിത്തോടിലെത്തി.
ശനിയാഴ്ച വൈകുന്നേരത്തോടെ എറണാകുളത്തുനിന്നുള്ള എൻഐഎ സംഘമാണ് മാവോയിസ്റ്റുകളെ ഇരിട്ടി സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ഞായറാഴ്ച രാവിലെ 9.30 ആണ് കരിക്കോട്ടക്കരി സ്റ്റേഷൻ പരിധിയിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട്ട് എത്തിച്ച് തെളിവെടുത്തത്. തണ്ടർ ബോൾട്ടിന്റെ അതീവ സുരക്ഷയിലാണ് മൂന്നുപേരെയും തെളിവെടുപ്പിന് എത്തിച്ചത്.
അടിയന്തര വൈദ്യസഹായത്തിന് ആംബുലൻസ് സംവിധാനം ഉൾപ്പെടെ സംഘത്തെ അനുഗമിച്ചിരുന്നു . ഉച്ചയോടെ തെളിവെടുപ്പ് പൂർത്തിയാക്കി സംഘം മടങ്ങി. ഉരുപ്പുംകുറ്റി ഞെട്ടിത്തോട് കൂടാതെ തലപ്പുഴ, ചന്ദ്രുവും ഉണ്ണിമയായും പിടിയിലായ പെരിയ തുടങ്ങിയ രണ്ടു വെടിവയ്പ് കേസുകൾ കൂടി എൻഐഎ ആണ് അന്വേഷിക്കുന്നത്.