വിഴിഞ്ഞം-കൊല്ലം-പുനലൂർ സാന്പത്തിക വളർച്ചാ മുനന്പ്: ബജറ്റിലെ പ്രധാന വികസനപദ്ധതി പ്രഖ്യാപനം
Monday, January 6, 2025 4:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലെ വ്യാവസായിക മേഖലയ്ക്കു പുത്തൻ ഉണർവു നൽകുന്നതിനായി വിഭാവനം ചെയ്യുന്ന വിഴിഞ്ഞം- കൊല്ലം-പുനലൂർ വ്യവസായിക- സാന്പത്തിക വളർച്ചാ മുനന്പ് സംസ്ഥാന ബജറ്റിലെ പ്രധാന വികസന പദ്ധതി പ്രഖ്യാപനമാകും.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ വ്യവസായിക സാധ്യതകൾ വളർത്താൻ ലക്ഷ്യമിട്ടാണ് വിഴിഞ്ഞം- കൊല്ലം- കൊട്ടാരക്കര- പുനലൂർ- നെടുമങ്ങാട്- വിഴിഞ്ഞം വ്യവസായ മുനന്പ് വിഭാവനം ചെയ്യുന്നത്.
കൊല്ലത്തിന്റെ പരന്പരാഗത വ്യവസായ ഉത്പന്നങ്ങളായ കശുവണ്ടി, കയർ, മത്സ്യം തുടങ്ങിയവയ്ക്കും പുനലൂർ, പത്തനാപുരം, പത്തനംതിട്ട, നെടുമങ്ങാട് മലയോര മേഖലകളിലെ ഉത്പന്നങ്ങൾക്കും രാജ്യാന്തര വിപണി തുറക്കുന്നതിനും വ്യവസായ ഇടനാഴിയിലെ പ്രദേശങ്ങളിൽ പാർക്കുകൾ സ്ഥാപിച്ചു വാണിജ്യ സാധ്യത വർധിപ്പിക്കുന്നതും പ്രഖ്യാപനത്തിലുണ്ടാകും.
മൂന്നു വർഷത്തിനകം മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടാണു പദ്ധതി പ്രഖ്യാപിക്കുന്നത്. ഫെബ്രുവരി ഏഴിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്പോൾ സംസ്ഥാനത്തിന്റെ പ്രധാന വികസന പദ്ധതി പ്രഖ്യാപനമായി ഇതു മാറും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുകയും ബജറ്റിൽ വകയിരുത്തും.
സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ ഊർജസ്വലമായ വ്യാവസായിക സാന്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വിഴിഞ്ഞം കൊല്ലം പുനലൂർ വ്യവസായിക സാന്പത്തിക വളർച്ചാ മുനന്പ് പദ്ധതി നേരത്തെ കിഫ്ബി അംഗീകാരം നൽകിയത്. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുക. രാജ്യത്തെ ഏറ്റവും വലിയ മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും പദ്ധതി രൂപകൽപ്പന ചെയ്യുക.
ഭൂമി ഏറ്റെടുക്കൽ പരമാവധി കുറച്ച് കൂടുതൽ ഭൂമിയും കെട്ടിടങ്ങളും പാട്ടത്തിന് എടുത്ത് വികസന പദ്ധതിയിൽ ജനങ്ങളെക്കൂടി പങ്കാളികളാക്കുകയാണ് ലക്ഷ്യം. ഹബ്ബുകളും വ്യവസായ പാർക്കുകളും വഴി വികസനത്തിന്റെ ഭാഗമാക്കാൻ കഴിയുമെന്ന പ്രതീക്ഷയും പദ്ധതിയിലൂടെ പ്രഖ്യാപിക്കും.
ഗ്രോത്ത് ട്രയാംഗിൾ, വളർച്ചാ നോഡുകൾ, സബ് നോഡുകൾ, ഇടനാഴികൾ എന്നിവയടങ്ങിയ വ്യാവസായിക മേഖലയാകും സൃഷ്ടിക്കുക. ഇതുവഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകളുടെ ഒരു സംയോജനമാണ് വിഭാവനം ചെയ്യുന്നത്. ദേശീയപാത 66, കൊല്ലം-ചെങ്കോട്ട ദേശീയപാത 744, നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ, കൊല്ലം-ചെങ്കോട്ട റെയിൽവേ പാത, പുനലൂർ- നെടുമങ്ങാട്- വിഴിഞ്ഞം റോഡ് എന്നിവയെല്ലാം ഈ വളർച്ചാ മുനന്പിന്റെ ഭാഗങ്ങളാകും.