കലോത്സവ മാന്വൽ പരിഷ്കരണം: വെട്ടിലായി സ്കൂളുകൾ
Thursday, October 10, 2024 1:35 AM IST
സിജോ പൈനാടത്ത്
കൊച്ചി: പങ്കെടുക്കാവുന്ന ഇനങ്ങളുടെ എണ്ണത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ നിർദേശിക്കുന്ന സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരണം സ്കൂളുകളെ വെട്ടിലാക്കി. സ്കൂൾ കലോത്സവങ്ങൾ പൂർത്തിയാക്കി, ഉപജില്ലകളിലേക്കുള്ള മത്സരാർഥികളുടെ രജിസ്ട്രേഷനും നടത്തിയശേഷമാണു മാന്വൽ പരിഷ്കരണ അറിയിപ്പ് ലഭിച്ചതെന്നതാണ് അധ്യാപകരെയും വിദ്യാർഥികളെയും വിഷമവൃത്തത്തിലാക്കിയത്.
ജനറൽ, സംസ്കൃതം, അറബിക് കലോത്സവങ്ങളിലുൾപ്പെടെ ഒരു വിദ്യാർഥിക്ക് രണ്ടു ഗ്രൂപ്പ് ഇനങ്ങളിലടക്കം പരമാവധി അഞ്ചിനങ്ങളിലേ മത്സരിക്കാനാകൂ എന്ന പുതിയ നിബന്ധനയാണു മാന്വൽ പരിഷ്കരണത്തിലെ പ്രധാന നിർദേശം.
ഇതുവരെ ഒരാൾക്ക് ഓരോ കലോത്സവത്തിലും അഞ്ചുവീതം ഇനങ്ങളിൽ മത്സരിക്കാൻ അവസരമുണ്ടായിരുന്നു. ജനറലിൽ പരമാവധി അഞ്ചിനങ്ങളിൽ മത്സരിക്കുന്ന വിദ്യാർഥിക്ക് സംസ്കൃതത്തിലും അറബിക്കിലും പരമാവധി അഞ്ചുവീതം ഇനങ്ങളിൽ പങ്കെടുക്കാമെന്നതായിരുന്നു ചട്ടം.
ഇതനുസരിച്ചാണ് അധ്യാപകർ സ്കൂളുകളിൽ മത്സരാർഥികളെ പരിശീലിപ്പിച്ച് ഒരുക്കിയത്. സ്കൂളുകളിൽ കലോത്സവം പൂർത്തിയാക്കി, ഉപജില്ലാ കലോത്സവത്തിനായി ഓൺലൈനിൽ മത്സരാർഥികളുടെ രജിസ്ട്രേഷനും പൂർത്തിയാക്കിയവരുണ്ട്. മാന്വൽ പരിഷ്കരണത്തിനു മുന്പുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് ഉപജില്ലകളിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാൻ തടസമുണ്ടായില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
മാന്വൽ പരിഷ്കരണത്തിനെതിരേ അധ്യാപക സംഘടനയായ കെപിഎസ്ടിഎ രംഗത്തെത്തിയിട്ടുണ്ട്. സ്കൂളുകളിൽ കലോത്സവം കഴിഞ്ഞശേഷമുള്ള മാന്വൽ പരിഷ്കരണം പ്രായോഗികമല്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. മാന്വൽ പരിഷ്കരണ നിർദേശങ്ങൾ വരും മുന്പ് ഉപജില്ലകളിലേക്കുള്ള രജിസ്ട്രേഷനുകൾ റദ്ദാക്കപ്പെടുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും.
ഭാഷാധ്യാപകരും വിദ്യാർഥികളും നിരാശയിൽ
കലോത്സവ മാന്വൽ പരിഷ്കരണം സംസ്കൃതം, അറബിക് കലോത്സവങ്ങളുടെ പ്രാധാന്യം കുറയ്ക്കുമെന്ന് ആരോപണം. ഈ ഭാഷകളെ ഇഷ്ടപ്പെടുന്ന വിദ്യാർഥികൾക്ക് കലോത്സവങ്ങളിൽ കഴിവു തെളിയിക്കാനും അതിലൂടെ ഗ്രേസ് മാർക്ക് ലഭിക്കാനും പ്രത്യേകം അവസരമുണ്ടായിരുന്നു.
മാന്വൽ പരിഷ്കരണം സംസ്കൃതം, അറബിക് കലോത്സവങ്ങളിലേക്കുള്ള മത്സരാർഥികളുടെ എണ്ണം കുറയ്ക്കും. ജനറൽ കലോത്സവത്തിൽ പങ്കെടുക്കുന്ന പ്രതിഭകൾക്കും സംസ്കൃതം, അറബിക് കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കാനാകുമായിരുന്നു.