അമലിന്റെ ഹൃദയം അജ്മലിൽ മിടിച്ച് തുടങ്ങി
Saturday, October 18, 2025 2:47 AM IST
കൊച്ചി: ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ അജ്മലിന്റെ ആരോഗ്യനില തൃപ്തികരം.
ഇന്നലെ വെന്റിലേറ്ററിൽ നിന്നു മാറ്റി. മൂന്നോ നാലോ ദിവസത്തിനുള്ളിൽ മുറിയിലേക്കു മാറ്റാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശസ്ത്രക്രിയ്ക്കു നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
ഹൃദയദാതാവായ തിരുവനന്തപുരം സ്വദേശി അമല്‍ ബാബുവിന്റെ (25) കുടുംബാംഗങ്ങളോടു നന്ദി അറിയിക്കുന്നതായി അജ്മലിന്റെ ഭാര്യ ജസീലയും സഹോദരി ഡോ. സിറിനും പറഞ്ഞു. ആ കുടുംബത്തിന്റെ വേദനയിൽ പങ്കുകൊള്ളുന്നു. അത്രമേൽ മഹത്തായ ദാനമാണ് ആ കുടുംബം ചെയ്തത്.
അജ്മൽ സന്തോഷവാനായിരിക്കുന്നു. എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നുവെന്നാണ് അവൻ പറഞ്ഞത്. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരിലേക്ക് എത്തിക്കാൻ മാധ്യമവാർത്തകൾക്കു കഴിഞ്ഞു.
ഹൃദയം വേഗം എത്തിക്കുന്നതിന് ഹെലികോപ്റ്റർ അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ സംസ്ഥാനസർക്കാരിനും കെ-സോട്ടോ അധികൃതർക്കും പോലീസിനും നന്ദിയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.