ഗ്ലോബൽ ഫാം പ്ലാറ്റ്ഫോമിന് ഐക്യരാഷ്ട്ര ഭക്ഷ്യകാർഷിക സംഘടനയുടെ അംഗീകാരം
Sunday, October 19, 2025 12:08 AM IST
തൃശൂർ: വെറ്ററിനറി സർവകലാശാലയുൾപ്പെട്ട അന്താരാഷ്ട്ര ഗ്ലോബൽ ഫാം പ്ലാറ്റ്ഫോമിന് (ജിഇപി)ഐക്യരാഷ്ട്ര ഭക്ഷ്യകാർഷിക സംഘടനയുടെ സാങ്കേതിക അംഗീകാരം. റോമിൽ നടന്ന ഭക്ഷ്യകാർഷിക സംഘടനയുടെ 80-ാമതു സ്ഥാപിതവാർഷികാഘോഷത്തിനിടയിലായിരുന്നു പ്രഖ്യാപനം.
ആറു ഭൂഖണ്ഡങ്ങളിൽനിന്നായി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ തിരുവിഴാംകുന്ന് ലൈവ്സ്റ്റോക്ക് റിസർച്ച് സ്റ്റേഷനുൾപ്പെടെ 19 ഗവേഷണഫാമുകളും 28 സ്ഥാപനങ്ങളുമടങ്ങുന്ന സഹകരണശൃംഖലയാണ് ഗ്ലോബൽ ഫാം പ്ലാറ്റ്ഫോം.
ഭക്ഷ്യസുരക്ഷയ്ക്കും സുസ്ഥിരവികസനത്തിനും കാർഷിക ഭക്ഷ്യോത്പാദനത്തിലേക്കുള്ള മാറ്റത്തിനുമെല്ലാം സഹായകരമായ തരത്തിലാണ് ജിഇപി ശാസ്ത്രത്തെയും ഗവേഷണത്തെയും സംയോജിപ്പിച്ച് കർഷകർക്കു പ്രയോജനപ്പെടുന്ന വിധത്തിലുള്ള ആശയങ്ങൾ പ്രാവർത്തികമാക്കുന്നതെന്നു സമ്മേളനം അറിയിച്ചു.
2012ൽ ആശയപരമായി തിരുവിഴാംകുന്ന് ഫാമിലും ഔദ്യോഗികമായി 2014ലും രൂപംകൊണ്ട ഈ പ്ലാറ്റ്ഫോം 21-ാം നൂറ്റാണ്ടിൽ കാർഷികലോകം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധന, ജൈവവൈവിധ്യ ശോഷണം, വിഭവശേഷിക്കുറവ് എന്നിവയെ ഫലപ്രദമായി നേരിടാനായാണ് നിലവിൽ വന്നത്. ഈ ശൃംഖലയിലുൾപ്പെട്ട ഇന്ത്യയിൽനിന്നുള്ള ഏക ഫാമാണ് തിരുവിഴാംകുന്ന് റിസർച്ച് സ്റ്റേഷനിലെ സൈലന്റ് വാലി ഫാം പ്ലാറ്റ്ഫോം.