റിമാൻഡ് റിപ്പോർട്ട് ; പോറ്റി തട്ടിയെടുത്തത് 2 കിലോ സ്വർണം
Saturday, October 18, 2025 2:47 AM IST
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽനിന്ന് രണ്ട് കിലോയോളം സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി തട്ടിയെടുത്തതായി റിമാൻഡ് റിപ്പോർട്ട്.
രണ്ട് കിലോയോളം സ്വർണം പതിച്ചിരുന്ന ദ്വാരപാലകപ്പാളികൾ നവീകരിച്ചപ്പോൾ പൂശിയത് 394.900 ഗ്രാം മാത്രം. പാളികൾ സ്വർണം പൂശുന്നതിനായി വിവിധ സ്പോൺസർമാരിൽനിന്നും വലിയ അളവിൽ സ്വർണം വാങ്ങി. ഇത് മുഴുവനായി ഉപയോഗിക്കാതെയും ഉണ്ണിക്കൃഷ്ണൺ പോറ്റി തട്ടിയെടുത്തതായും റാന്നി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഒന്നുമുതൽ പത്തുവരെയുള്ള പ്രതികൾ ലാഭം ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വഞ്ചിച്ചുവെന്നാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. രണ്ടു മുതൽ പത്ത് വരെ പ്രതികൾക്ക് അന്യായമായ ലാഭമുണ്ടാക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി ഇടപെട്ടതായും, ദേവസ്വം സ്വത്തുകൾ സംരക്ഷിക്കാൻ ബാധ്യതയുള്ള രണ്ട് മുതൽ 10 വരെയുള്ള പ്രതികളുടെ ഒത്താശയോടെ സ്വർണം തട്ടിയെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനായി സ്വർണപ്പാളികൾ ചെമ്പെന്ന് രേഖയുണ്ടാക്കി, ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയായിരുന്നു കവർച്ച.
ചെന്നൈ അമ്പത്തൂരിലുള്ള സ്മാർട്ട്സ് ക്രിയേഷൻസിൽ എത്തിച്ചാണ് ചെമ്പ് തകിടുകളിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തത്. 2004 മുതൽ 2008 വരെയുള്ള കാലയളവിൽ ശബരിമലയിൽ പരികർമിയായി ജോലി ചെയ്തിരുന്ന പോറ്റിക്ക് ശ്രീകോവിൽ മേൽക്കൂരയിലും ചുറ്റുഭാഗത്തും 1998ൽ സ്വർണം പതിച്ചതാണെന്ന് അറിയാമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൽനിന്നുതന്നെ കവർച്ച നടത്തിയതിലൂടെ ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വൃണപ്പെടുത്തി. സാമ്പത്തികനേട്ടത്തിനായി ദ്വാരപാലക ശില്പങ്ങളും തൂണുകളും കർണാടക, തമിഴ്നാ്ട, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് ലാഭവുമുണ്ടാക്കി.
ശബരിമലയുടെ ആചാരത്തിനും പ്രശസ്തിക്കും ഇത് കോട്ടമുണ്ടാക്കിയതായും പരാമർശമുണ്ട്. ചെന്നൈയിലെയും ബംഗളൂരുവിലെയും കേരളത്തിലെയും പല വീടുകളിലും ക്ഷേത്രങ്ങളിലും യാതൊരു സുരക്ഷയുമില്ലാതെ ഇവ എത്തിച്ചു. പോറ്റി മുമ്പും സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിലെ മറ്റു പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരേയും ഗുരുതരമായ പരാമർശങ്ങളുണ്ട്. പാളികൾ കൊണ്ടുപോയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ മഹസറിൽ ഏഴുതിച്ചേർത്തു. അന്നത്തെ ബോർഡ് സെക്രട്ടറി പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ രേഖകളിൽ തിരുത്തൽ വരുത്തി.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു വാസ്തവവിരുദ്ധമായ റിപ്പോർട്ട് നൽകി. സ്വർണം പൊതിഞ്ഞ തകിടുകൾ വെറും ചെമ്പ് തകിടുകൾ എന്ന് രേഖപ്പെടുത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ പേരുകൾ ഉൾപ്പെടാനുള്ള സാധ്യതയും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.
ഒളിവിൽ പോകാൻ ശ്രമിച്ചു
പത്തനംതിട്ട: ഉണ്ണിക്കൃഷ്ണൻ പോറ്റി ഒളിവിൽ പോകാൻ ശ്രമിച്ചതായും ഇതേത്തുടർന്നാണ് അതിവേഗം കസ്റ്റഡിയിലെടുത്തതെന്നും പ്രത്യേക അന്വേഷണസംഘം. ഇക്കാര്യം ക്രൈംബ്രാഞ്ച് എസ്പി ശശിധരൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ശബരിമലയിലായിരുന്ന എസ്പി ഇക്കാര്യം കീഴുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ഇയാൾ ഒളിവിൽ പോകാൻ ശ്രമിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിച്ച് ഓഫായിരുന്നു. ഇതോടെ വ്യാഴാഴ്ച ഉച്ചക്ക് 12ന് തിരുവനന്തപുരം കിളിമാനൂർ പുളിമാത്തെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് സംഘം പുളിമാത്തുള്ള വീട്ടിൽ എത്തുമ്പോൾ പോറ്റി സ്ഥലം വിടാനുള്ള തയാറെടുപ്പിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ പുലർച്ചെ 2.30ഓടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പോറ്റിയെ കസ്റ്റഡിയില്‍ വിട്ടു
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്പോണ്സര് ഉണ്ണിക്കൃ ഷ്ണന്‍ പോറ്റിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്നലെ രാവിലെയാണ് റാന്നി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
അടച്ചിട്ട കോടതിമുറിയിലെ വാദംകേള്‍ക്കലിനു ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭ്യര്‍ഥന മാനിച്ച് ഉണ്ണികൃഷ്ണന് പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.