നാലു നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസ ഹബ്ബുകള്‍ സ്ഥാപിക്കാനാകും: മന്ത്രി ആര്. ബിന്ദു
Sunday, October 19, 2025 12:08 AM IST
കോട്ടയം: അടിസ്ഥാന സൗകര്യങ്ങളും വ്യവസായ ബന്ധങ്ങളും സംയോജിപ്പിച്ച് 2031ഓടെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസ നഗരങ്ങള്‍ സ്ഥാപിക്കാനാകുമെന്ന് മന്ത്രി ആര്. ബിന്ദു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2031ല്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി വകുപ്പ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന പ്രാരംഭ സമ്മേളനത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ സമീപന രേഖ അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആഗോള വാണിജ്യം, മാരിടൈം സ്റ്റഡീസ്, ഫിന്‍ടെക്, ആഗോള വ്യാപാരം, തുറമുഖ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാണ് കൊച്ചിയില്‍ വിഭാവനം ചെയ്യുന്നത്.
തിരുവനന്തപുരം കേന്ദ്രമായി ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, സൈബര്‍ സുരക്ഷ, ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ്, പൊതുനയം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയുടെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിക്കാനാകും.
കോഴിക്കോട്ട് ലിബറല്‍ ആര്‍ട്സ്, ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ്, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, കാലാവസ്ഥ-തീരദേശ പഠനങ്ങള്‍, സാംസ്കാരിക പൈതൃകം എന്നിവയുടെയും തൃശൂരില്‍ പെര്‍ഫോമിംഗ് ആര്‍ട്സ്, ആയുര്‍വേദം, കാര്‍ഷിക സാങ്കേതിക ശാസ്ത്രങ്ങള്‍, സഹകരണ ബാങ്കിംഗ്, ഇവന്റ് മാനേജ്മെന്റ്, ആരോഗ്യം, സെമി കണ്ടക്ടര്‍ ടെക്നോളജി എന്നിവയുടെയും ഹബ്ബുകളാണ് മന്ത്രി അവതരിപ്പിച്ച സമീപന രേഖയിലുള്ളത്.