മലമുകളിൽനിന്ന് കൂറ്റൻ പാറക്കഷണം ; മരണത്തിൽനിന്ന് ഓടിമാറി വീട്ടമ്മ
Saturday, October 18, 2025 2:47 AM IST
കോതമംഗലം: മാമലക്കണ്ടത്ത് മലമുകളിൽനിന്ന് അടർന്നുവീണ കൂറ്റൻ പാറക്കഷണം ദേഹത്തു പതിക്കാതെ ഓടിമാറുമ്പോൾ കല്ലിന്റെ അറ്റത്ത് തട്ടി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
പറമ്പിൽ പണിയെടുത്തുകൊണ്ടിരുന്ന കൊയ്നിപ്പാറ വറവുങ്കല്‍ തങ്കച്ചന്റെ ഭാര്യ രമണി (52)ക്കാണു പരിക്കേറ്റത്. ഇടുപ്പെല്ലിനു പൊട്ടലും വയറിനും കാലിനും ദേഹത്ത് പലഭാഗത്തും പരിക്കുകളും സംഭവിച്ച രമണിയെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മാമലക്കണ്ടം കൊയ്നിപ്പാറയില്‍ ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. കൊയ്നിപ്പാറയ്ക്ക് മുകളിൽ പട്ടിമുടിയിൽനിന്നും കൂറ്റൻ പാറ ഭീകരശബ്ദത്തോടെ അടർന്ന് താഴേക്കു പതിക്കുകയായിരുന്നു. ഏകദേശം 350 മീറ്റർ ഉയരത്തിൽനിന്നാണു പാറ അടർന്നത്.
മലയുടെ പല ഭാഗങ്ങളിലും മരങ്ങളിൽ തട്ടി പൊടിയും പുകയും പറത്തി ഭീകരശബ്ദത്തോടെ പാറ താഴേക്ക് വരുന്നതു കണ്ട് ഓടിമാറുന്നതിനിടെ രമണി കല്ലിന്റെ സൈഡിൽ തട്ടി തെറിച്ച് വീഴുകയായിരുന്നു. നടുവിനും ദേഹത്ത് പല ഭാഗങ്ങളിലും പരിക്കേറ്റ രമണിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല.
പറമ്പിൽ പണിയാൻ പുറക്കാട്ട കുട്ടായിയുടെ ഭാര്യ തങ്കമണിയും രമണിക്ക് ഒപ്പമുണ്ടായിരുന്നു.ഇരുവരും ഉറക്കെ കരഞ്ഞും കൂക്കിവിളിച്ചും മൊബൈൽ ഫോണിൽ വിളിച്ചുമാണ് സമീപവാസികളെ വരുത്തിയത്. വാഹനം എത്താത്ത സ്ഥലമായതിനാല്‍ നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് തങ്കമണിയെ ഒന്നര കിലോമീറ്ററോളം അകലെ റോഡില്‍ ആംബുലൻസിനരികിൽ എത്തിച്ചത്.
മരത്തിന്റെ വണ്ണമുള്ള ശിഖരത്തിൽ തുണികൊണ്ട് കെട്ടി തയാറാക്കിയ സ്ട്രച്ചറില്‍ കിടത്തി കുത്തനേയുള്ള മലഞ്ചെരുവിലൂടെ രമണിയെ നാട്ടുകാർ ചുമന്ന് കൊണ്ടുവരികയായിരുന്നു.
രമണിയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.