പള്ളുരുത്തി സ്കൂൾ വിഷയം ; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
Saturday, October 18, 2025 2:47 AM IST
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി.
ഡിഡിഇയുടെ ഉത്തരവ് റദ്ദാക്കുക, സിബിഎസ്ഇ അഫിലിയേറ്റ് ചെയ്ത സ്കൂളുകളുടെ മേൽ സംസ്ഥാനത്തെ അധികൃതർക്ക് അധികാരപരിധിയില്ലെന്ന് പ്രഖ്യാപിക്കുക, സ്ഥാപനത്തിനെതിരേ നിർബന്ധിത നടപടി തടയുന്നതിനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക എന്നീ ആവശ്യങ്ങളുമായി മാനേജ്മെന്റ് സമർപ്പിച്ച ഹർജിയിലാണു കോടതിയുടെ നിർദേശം. സർക്കാരിന്റെ വിശദീകരണം ലഭിച്ചശേഷം വിഷയത്തിൽ തീരുമാനമെടുക്കാമെന്ന് ജസ്റ്റീസ് വി.ജി. അരുൺ വ്യക്തമാക്കി.
അതേസമയം, വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷന്റെ (ഡിഡിഇ) ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. വിഷയത്തിന്റെ പശ്ചാത്തലത്തിൽ മാനേജ്മെന്റിനും ജീവനക്കാർക്കും പോലീസ് സംരക്ഷണം നൽകാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
കേരള സർക്കാർ സ്കൂളുകളിൽ മതപരമായ വസ്ത്രധാരണം അനുവദിക്കുന്ന ഒരു നിയമവും നടപ്പാക്കിയിട്ടില്ലെന്നും സ്കൂൾ മാനേജ്മെന്റ് കോടതിയിൽ പറഞ്ഞു. അത്തരം കാര്യങ്ങൾക്ക് അനുമതി നൽകുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ധാർമികതയെ ദുർബലപ്പെടുത്തും.
വിദ്യാർഥിനിയുടെ വസ്ത്രധാരണരീതിയിൽ മാറ്റം അനുവദിക്കാൻ സ്കൂളിനോടു നിർദേശിച്ച ഡിഡിഇ ഉൾപ്പെടെയുള്ള കേരള വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അവരുടെ അധികാരപരിധിക്കു പുറത്താണ് പ്രവർത്തിച്ചതെന്നും മാനേജ്മെന്റിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.