ശബരിമല സ്വർണക്കൊള്ള: സ്വർണം വേർതിരിച്ചത് എങ്ങനെ?
Saturday, October 18, 2025 2:47 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള നടത്തിയത് തിരുവിതാംകൂർ ദേവസ്വത്തിലെ ഉന്നതരുടെ ഒത്താശയോടെയെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി.
ശബരിമല ദ്വാരപാലകശില്പത്തിലെ സ്വർണപ്പാളിയും കട്ടിളയിലെ സ്വർണവും മാറ്റിയത് ദേവസ്വം ഉന്നതരുടെ ഒത്താശയോടെയാണെന്നും ഇതിനായി ഇവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിച്ചെന്നും പോറ്റിയുടെ മൊഴിയിൽ പറയുന്നു.
സഹായിച്ച ഉന്നതരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിശദമായ ചോദ്യം ചെയ്യലിനു ശേഷമാകും വ്യക്തമാകുകയെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. സ്വർണക്കൊള്ള നടത്തിയതിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിനു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന മൊഴികളും ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയിട്ടുണ്ടെന്നാണു വിവരം.
സ്വർണ മോഷണം സംബന്ധിച്ചു വിവരമില്ലെന്നായിരുന്നുഅന്വേഷണസംഘം മൊഴിയെടുത്തപ്പോൾ സ്മാർട്ട് ക്രിയേഷൻസ് വ്യക്തമാക്കിയിരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ച ശേഷമാകും തുടർ നടപടിയിലേക്കു കടക്കുക.
ചെന്പിൽനിന്നു സ്വർണം വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ സ്മാർട്ട് ക്രിയേഷൻസിന് ഇല്ലെന്നും മഹാരാഷ്ട്രയിൽനിന്ന് ആളെ വരുത്തിയാണ് ഇതു ചെയ്തതെന്നും മൊഴിയിലുണ്ട്. ഇങ്ങനെയെങ്കിൽ സാങ്കേതിക സംവിധാനം ഇല്ലാത്ത സ്ഥാപനത്തിലേക്ക് സ്വർണപ്പാളി നൽകിയത് എന്തിനെന്ന ചോദ്യത്തിന് ദേവസ്വം അധികൃതരും സ്മാർട്ട് ക്രിയേഷൻസ് ഉടമകളും ഉത്തരം പറയേണ്ടി വരും.
സ്വർണപ്പാളി കടത്തുന്നതിനായി കൂട്ടുനിന്ന ഉദ്യോഗസ്ഥരടക്കം 10 പേരെ പ്രതിയാക്കി പ്രത്യേക അന്വേഷണസംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തന്നെ കുടുക്കിയവർ നിയമത്തിനു മുന്നിൽ വരുമെന്ന് ഉണ്ണിക്കൃ ഷ്ണൻ പോറ്റി പത്തനംതിട്ടയിൽ പ്രതികരിച്ചിരുന്നു.
അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽനിന്ന് രണ്ടു കിലോ സ്വർണം കണ്ടെടുക്കാനുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളിയിൽനിന്നു കൊള്ള നടത്തിയതിൽ 394.9 ഗ്രാം സ്വർണം മാത്രമാണ് ശബരിമലയിൽ തിരികെ എത്തിയത്.
രണ്ടുകിലോയോളം സ്വർണം കണ്ടെടുക്കാനായി പോറ്റിയെ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ തെളിവെടുപ്പു നടത്തേണ്ടതുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നടപടി ആചാരലംഘനമാണെന്നും കൂട്ടുപ്രതികളുടെ പങ്ക് അടക്കം വ്യക്തമാക്കണമെന്നും അറസ്റ്റ് റിപ്പോർട്ടിലും പറയുന്നു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസാണ് സ്വർണം വേർതിരിച്ചു നൽകിയതെന്ന് അറസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്നലെ റാന്നിയിലെ കോടതിയിൽനിന്നു പത്തനംതിട്ട പോലീസ് ക്യാന്പിൽ എത്തിച്ച ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ തിരികെ എത്തിച്ച് ചോദ്യംചെയ്യൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കിളിമാനൂർ പുളിമാത്തിലെ വീട്ടിൽനിന്നു പിടികൂടിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘത്തലവൻ എസ്പി എസ്. ശശിധരൻ ചോദ്യം ചെയ്ത ശേഷം പുലർച്ചെ 2.40നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാവിലെ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷമായിരുന്നു റാന്നിയിലെ കോടതിയിലേക്കു കൊണ്ടുപോയത്.
കുടുക്കിയവർ നിയമത്തിനു മുന്നിൽ വരുമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി
പത്തനംതിട്ട: തന്നെ കുടുക്കിയവർ നിയമത്തിനു മുന്നിൽ വരുമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു. റാന്നി കോടതിയിൽനിന്നു പോലീസ് കസ്റ്റഡിയിൽ പുറത്തേക്കു വരവേയാണ് പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരാണ് കുടുക്കിയതെന്ന ചോദ്യത്തിനു മറുപടി പറയുംമുമ്പേ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പോലീസ്, വാഹനത്തിലേക്ക് നയിച്ചു. ഇതിനിടെ പോറ്റിക്കുനേരേ ആരോ ചെരിപ്പെറിഞ്ഞു.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു
പത്തനംതിട്ട: നിറം മങ്ങിയതിന്റെ പേരിൽ, സ്പെഷൽ കമ്മീഷണറെ അറിയിക്കാതെ കഴിഞ്ഞ മാസം ദ്വാരപാലക ശില്പത്തിൽനിന്നും അഴിച്ചെടുത്ത 12 സ്വർണപ്പാളികളും ഇന്നലെ പുനഃസ്ഥാപിച്ചു.
തുലാമാസ പൂജകൾക്കായി വൈകുന്നേരം നടതുറന്ന ശേഷമാണ് പുതുതായി സ്വർണം പൂശി, സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണപ്പാളികൾ ശ്രീകോവിലിനു മുന്നിൽ എത്തിച്ചത്. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ ദ്വാരപാലക ശില്പത്തിൽ പാളികൾ സ്ഥാപിച്ചു.
2019 ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക പാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസി ൽ എത്തിച്ച് സ്വർണകവചം അഴിച്ചുമാറ്റിയ ശേഷമാണ് സ്വർണം പൂശിയത്. കേവലം അഞ്ചുവർഷം കഴിഞ്ഞതോടെ പാളികളുടെ നിറം മങ്ങിയതിനെത്തുുടർന്നാണ് കഴിഞ്ഞ മാസം അഴിച്ചെടുത്ത് വീണ്ടും സ്വർണം പൂശാനായി പോറ്റി ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചത്.