ഭൂപതിവു ചട്ട ഭേദഗതി; പട്ടയഭൂമിയിലെ വീടുകള്‍ ക്രമപ്പെടുത്താന്‍ ഫീസില്ല
Saturday, October 18, 2025 2:47 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കിയ ഭൂപതിവു ചട്ട ഭേദഗതി വിജ്ഞാപന പ്രകാരം 2024 ജൂണ്‍ ഏഴിന് മുമ്പുള്ള വ്യവസ്ഥാലംഘനങ്ങള് ക്രമപ്പെടുത്താം. വിജ്ഞാപന പ്രകാരം പട്ടയ ഭൂമിയിലെ വീടുകള്‍ ക്രമീകരണ ഫീസില്ലാതെ ക്രമപ്പെടുത്താനാകും.
സെപ്റ്റംബറില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ഭേദഗതി കഴിഞ്ഞ ദിവസമാണ് വിജ്ഞാപനമായി പുറത്തിറങ്ങിയത്. 1960ലെ ഭൂപതിവു നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള 1964ലെയും 1995ലെയും ഭൂപതിവ് ചട്ടങ്ങള്‍ ഉള്‍പ്പെടെ 11 ചട്ടങ്ങളിലെ വ്യവസ്ഥാലംഘനങ്ങളാണ് ക്രമീകരിക്കാനാവുക. വിജ്ഞാപനം വന്ന് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
അടുത്തയാഴ്ച മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന റവന്യു സെക്രട്ടേറിയറ്റ് യോഗം ചട്ട ഭേദഗതി പ്രകാരം ക്രമീകരണത്തിന് അപേക്ഷിക്കേണ്ട മാര്‍ഗനിര്‍ദേശത്തിനു രൂപം നല്‍കും.
ഇതിനുശേഷമാകും ഇതിലേക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം റവന്യു വകുപ്പിന്റെ പോര്‍ട്ടലില്‍ ലഭ്യമാകുക. ടൂറിസം ആവശ്യത്തിനുള്ള ഭൂമി ന്യായവിലയുടെ അഞ്ചു ശതമാനം ഫീസ് ഈടാക്കിയും സ്വകാര്യ ആശുപത്രികള്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ ന്യായവിലയുടെ 10 ശതമാനം ഫീസ് ഈടാക്കിയും ക്രമപ്പെടുത്തുന്നതിനു വിജ്ഞാപനത്തില്‍ വ്യവസ്ഥയുണ്ട്.
3000 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വാണിജ്യ നിര്‍മിതികള്‍ക്കു ക്രമീകരണ ഫീസ് അടക്കേണ്ടതില്ലെന്നു വിജ്ഞാപനത്തില്‍ പറയുന്നു. പട്ടയഭൂമിയിലെ വീടുകള്‍, പൊതുസ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത-വിദ്യാഭ്യാസ സംബന്ധിയായ കെട്ടിടങ്ങള്‍ എന്നിവയ്ക്കും ക്രമീകരണ ഫീസ് അടയ്ക്കേണ്ടതില്ല. എന്നാല്‍ ഇവ ക്രമപ്പെടുത്തുന്നതിന് അപേക്ഷ നല്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
പട്ടയം, നികുതിയടച്ച രസീത്, കോടതി വിധിപ്പകര്‍പ്പുകള്‍, അംഗീകൃത കെട്ടിട പെര്‍മിറ്റ്, നിയമപ്രകാരം ലഭിച്ച ലൈസന്‍സ്, അനുമതി സംബന്ധിച്ച രേഖകള്‍ തുടങ്ങിയവ വ്യവസ്ഥാ ലംഘനങ്ങള്‍ ക്രമപ്പെടുത്തുന്നതിനുള്ള അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം.
വിജ്ഞാപന പ്രകാരം പട്ടയഭൂമിയില്‍ നിര്‍മിച്ച ആരാധനാലയങ്ങള്‍, സെമിത്തേരികള്‍ തുടങ്ങിയവയെല്ലാം സൗജന്യമായി ക്രമപ്പെടുത്തിയെടുക്കുന്നതിനുള്ള അവസരം ലഭിക്കും. കാര്‍ഷിക ആവശ്യത്തിനുള്ള നിര്‍മാണങ്ങളും ക്രമപ്പെടുത്താം.
കാര്‍ഷിക, താമസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 3000-5000 ചതുരശ്ര അടി സ്ഥലത്ത് വാണിജ്യ, വ്യവസായ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ ന്യായവിലയുടെ അഞ്ച് ശതമാനം ഫീസായി നല്കി ക്രമപ്പെടുത്താം.
ഇത്തരം കെട്ടിടങ്ങള്‍ 25,000-50,000 ചതുരശ്ര അടിയുള്ളതാണെങ്കില് ന്യായവിലയുടെ 40 ശതമാനവും അരലക്ഷം ചതുരശ്ര അടിക്കു മുകളിലുള്ളവയ്ക്ക് 50 ശതമാനവും ഫീസ് അടയ്ക്കണം.