“കുട്ടിയുടെ മാനസിക സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം സ്കൂളിന്” ; പള്ളുരുത്തി സ്കൂളിനെ വിടാതെ മന്ത്രി ശിവൻകുട്ടി
Saturday, October 18, 2025 2:47 AM IST
കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിനെതിരേ ഇന്നലെയും മന്ത്രിയുടെ വിമർശനം. വിദ്യാര്‍ഥിനിക്ക് മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സ്കൂള്‍ അധികൃതര്ക്കായിരിക്കുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി ഇന്നലെ പറഞ്ഞത്.
കുട്ടിക്ക് സ്കൂളില്‍ പഠിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തുകൊണ്ടാണ് കുട്ടി സ്കൂള്‍ വിട്ടുപോകുന്നത് എന്നത് പരിശോധിക്കേണ്ടതാണ്. അതിനു കാരണക്കാരായവര്‍ തീര്‍ച്ചയായും സര്‍ക്കാരിനോടു മറുപടി പറയേണ്ടിവരുമെന്നു മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
“എന്തിന്റെ പേരിലാണ് കുട്ടി സ്കൂളിലേക്കു പോകാത്തതെന്നും ആരുടെ വീഴ്ചമൂലമാണു പോകാത്തതെന്നും പരിശോധിക്കും. കുട്ടി അനുഭവിക്കുന്ന മാനസികസമ്മര്‍ദം വലുതാണ്. ഒരു കുട്ടിയുടെ പ്രശ്നമാണെങ്കിലും സംരക്ഷണം നല്‍കുക എന്നതാണു സര്‍ക്കാര്‍ നിലപാട്. കുട്ടിയെ വിളിച്ച് പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തില്‍ വീട്ടുവീഴ്ച ആവശ്യമില്ല. സ്കൂളിനു പ്രശ്നം മാന്യമായി പരിഹരിക്കാന്‍ അവസരം ഉണ്ടായിരുന്നു. പ്രശ്നം വഷളാക്കി നീട്ടിക്കൊണ്ടുപോയതാണ്. വേറെ കാര്യം പറഞ്ഞ് വിഷയം മാറ്റാന്‍ ശ്രമിക്കേണ്ട.
കഴിഞ്ഞ ദിവസം പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പലും പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഉണ്ടായിരുന്ന ഒരു അഡ്വക്കറ്റും ധിക്കാരത്തോടെ സംസാരിക്കുന്നതുകണ്ടു, തങ്ങള്‍ ഇതൊക്കെ ചെയ്യുമെന്ന്. ലീഗല്‍ അഡ്വെസര്ക്കു സ്കൂളിന്റെ കാര്യം പറയാന്‍ അവകാശമില്ല. നിയമപരമായ കാര്യം കോടതിയില്‍ പറഞ്ഞാല്‍ മതി.
സ്കൂളുകള്‍ക്ക് അനുവാദം നല്‍കുന്നതും അംഗീകാരം പിന്‍വലിക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ കെഇആറില്‍ വ്യക്തമായി പറയുന്നുണ്ട്. ഞങ്ങള്‍ അതു നടപ്പാക്കിയിട്ടില്ല. ഏതെങ്കിലും മാനേജ്മെന്റ് സ്വയമായി വിദ്യാഭ്യാസ അധികാരം ഏറ്റെടുത്ത് ഭരണം നടത്തിയാല്‍ അതു നോക്കിനില്‍ക്കില്ല.
ശിരോവസ്ത്രം ധരിച്ചുനില്ക്കുന്ന അധ്യാപികയാണു കുട്ടി ഹിജാബ് ധരിക്കരുതെന്നു പറഞ്ഞത്. അതാണു വലിയ വിരോധാഭാസം’’-മന്ത്രി പറഞ്ഞു. ഭരണഘടനയുടെയും വിദ്യാഭ്യാസ അവകാശസംരക്ഷണ നിയമത്തിന്റെയും ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും അടിസ്ഥാനത്തിലേ വിദ്യാഭ്യാസം ചെയ്യാന്‍ പറ്റുകയുള്ളൂ. വാശിയും വൈരാഗ്യവും മാറ്റിവച്ച് കുട്ടിയെ ഉള്‍ക്കൊണ്ട് പോകാന്‍ തയാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.