സ്ത്രീകളുടെ തിരോധാനം; ഐഷ തിരോധാന കേസിലും സെബാസ്റ്റ്യനെതിരേ കൊലക്കുറ്റം
Saturday, October 18, 2025 2:47 AM IST
ചേര്‍ത്തല: 13 വര്‍ഷമായി കാണാതായിരുന്ന ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) യും കൊലചെയ്യപെട്ടെന്നു കണ്ടെത്തി പോലീസ്. അടപ്പുക്കാരനായിരുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ (62) പ്രതിയാക്കി ചേര്‍ത്തല പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.
നിലവില്‍ രണ്ടു കൊലപാതക കേസുകളിലായി വീയൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സെബാസ്റ്റ്യനെ അറസ്റ്റുചെയ്യാന്‍ പോലീസിനു ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നല്കി. തെളിവെടുപ്പിനായി അടുത്തയാഴ്ച പോലീസ് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങും.
ഏറ്റുമാന്നൂര്‍ സ്വദേശിനി ജെയ്നമ്മയുടെയും, കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്റെയും കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു.
ഐഷയുടെ കൂട്ടുകാരികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ അയല്‍ക്കാരിയും കൂട്ടുകാരിയുമായ സ്ത്രീ നിര്‍ണായകമായ വെളിപെടുത്തല്‍ നടത്തിയിരുന്നു. ഐഷയുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം.
കാണാതാകുന്ന ദിവസം വസ്തു വാങ്ങുന്നതിനായി കരുതിയ രണ്ടുലക്ഷം രൂപയും ധരിച്ചിരുന്ന ഒന്നര പവന്‍വരുന്ന മാലയും ഇവരുടെ കൈവശമുണ്ടായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.