പാലിയേക്കര ടോള്‍ വിലക്ക് ഉപാധികളോടെ നീക്കി
Saturday, October 18, 2025 2:47 AM IST
കൊച്ചി: പാലിയേക്കരയിലെ ടോള്‍പിരിവിനുള്ള വിലക്ക് ഉപാധികളോടെ ഹൈക്കോടതി നീക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് ഈടാക്കരുതെന്നും ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
സര്‍വീസ് റോഡുകളില്‍ ഗതാഗതം മെച്ചപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണു നടപടി. എന്നാല്‍, ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും തുടരുകയാണെന്നാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
അണ്ടര്‍ പാസ് അടക്കമുള്ള റോഡ് വികസന പദ്ധതികള്‍ മേഖലയില്‍ നടക്കുകയാണ്. ഇതുമൂലമുള്ള സ്വാഭാവിക ഗതാഗതക്കുരുക്കേ നിലവിലുള്ളൂ. മാത്രവുമല്ല ടോള്‍പിരിവ് വൈകിയാല്‍ അതു നിയമപ്രശ്നങ്ങളിലേക്കു പോകുമെന്നും എഎസ്ജി അറിയിച്ചു.