പൊട്ടിത്തെറികളില്ലാതെ കെപിസിസി പുനഃസംഘടന
Saturday, October 18, 2025 2:47 AM IST
തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ നടന്ന കെപിസിസി പുനഃസംഘടന തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഘട്ടത്തിൽ സംഘടനയ്ക്കു കരുത്തേകുമെന്നു പ്രതീക്ഷ.
സാധാരണ പട്ടികകൾ പുറത്തു വരുന്പോൾ പാർട്ടിക്കുള്ളിൽ വൻ പൊട്ടിത്തെറി ഉണ്ടാകാറുണ്ടെങ്കിൽ ഇത്തവണ വിവിധ തലങ്ങളിൽ പുനഃസംഘടന സ്വാഗതം ചെയ്യുകയാണ്.
കെ. മുരളീധരനും എഐസിസി വക്താവ് ഷമ മുഹമ്മദുമാണ് നേരിയ തോതിലെങ്കിലും അതൃപ്തി പ്രകടിപ്പിച്ചത്. ചാണ്ടി ഉമ്മനു ഭാരവാഹിത്വം നൽകാതിരുന്നതിന്റെ പേരിലും പ്രതിഷേധം ഉയർന്നു.
എന്നാൽ ഇതൊന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളല്ല.ഗ്രൂപ്പ്, സമുദായ സമവാക്യങ്ങളെല്ലാം പരിഗണിച്ചുള്ള പട്ടികയാണു പുറത്തു വന്നത്. പരിചയസന്പന്നർക്കൊപ്പം യുവനേതാക്കളും ഭാരവാഹി പട്ടികയിൽ ഇടംപിടിച്ചു. മുന്‍പ് നാലു വൈസ് പ്രസിഡന്റുമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 13 പേർ ആയി.
ജനറൽ സെക്രട്ടറിമാർ 23ൽ നിന്ന് 59 ആയി. രാഷ്ട്രീയകാര്യ സമിതിയിലേക്ക് ആറു പേരെ കൂടി ഉൾപ്പെടുത്തി. ജനറൽ സെക്രട്ടറിമാരിൽ ഒന്‍പതു വനിതകളുണ്ട്. രാഷ്ട്രീയകാര്യസമിതിയിലേക്ക് രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നീ എംപിമാരെയും മുതിർന്ന നേതാക്കളായ പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരെയും കൊണ്ടുവന്നു.
ബിജെപിയിൽനിന്നു കോണ്‍ഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ ജനറൽ സെക്രട്ടറി ആക്കിയതാണ് ശ്രദ്ധേയമായ നിയമനം. ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നതിനെ ത്തുടർന്ന് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്ന പാലോട് രവിയെ വൈസ് പ്രസിഡന്റാക്കി മടക്കിക്കൊണ്ടുവന്നു.
വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തിയപ്പോൾ ഹൈബി ഈഡൻ, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം. ലിജു എന്നീ യുവനേതാക്കളെ വൈസ് പ്രസിഡന്റുമാരായി ഉയർത്തി. ദീർഘകാലത്തിനു ശേഷമാണ് ഹൈബി സംഘടനാ ചുമതലയിലേക്ക് എത്തുന്നത്.
എം. ലിജു വൈസ് പ്രസിഡന്റായി മാറിയതോടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെ കണ്ടെത്തേണ്ടതുണ്ട്. നാളുകളായി ഒഴിഞ്ഞുകിടന്ന കെപിസിസി ട്രഷറർ സ്ഥാനത്തേക്ക് വി.എ. നാരായണനെ നിയമിച്ചു. നിലന്പൂരിൽനിന്നു തിളക്കമാർന്ന വിജയം കൈവരിച്ച ആര്യാടൻ ഷൗക്കത്തിനെയും തിരുവനന്തപുരത്തുനിന്ന് യുവനേതാവും മുൻ എംഎൽഎയുമായ കെ.എസ്. ശബരീനാഥനെയും ജനറൽ സെക്രട്ടറിമാരാക്കി.
സെക്രട്ടറിമാരുടെയും ഡിസിസി പ്രസിഡന്റുമാരുടെയും നിയമനമാണ് ഇനി അവശേഷിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്‍പ് അതുണ്ടാകുമോ എന്നു സംശയമാണ്. പുതിയ ഭാരവാഹികളുടെ യോഗം കൂടി വൈകാതെതന്നെ ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർക്കു ചുമതല വീതംവച്ചു നൽകേണ്ടതുണ്ട്.