സജിത വധം: പ്രതി ചെന്താമരയ്ക്ക് ശിക്ഷ ഇരട്ടജീവപര്യന്തവും മൂന്നേകാൽ ലക്ഷം പിഴയും
Sunday, October 19, 2025 12:08 AM IST
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതിയായ പോത്തുണ്ടി ബോയൻസ് നഗറിലെ ചെന്താമരയ്ക്ക് (53) ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു.
മൂന്നേകാൽ ലക്ഷം രൂപ പിഴയും അടയ്ക്കണം. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. എല്ലാം ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതി.
അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നു കോടതി ചുണ്ടിക്കാട്ടി. 2019 ഓഗസ്റ്റ് 31ന് ചെന്താമര നടത്തിയ ആദ്യകൊലപാതക കേസിലാണ് ശിക്ഷ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ഈ വർഷം ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തന്പാടം ബോയൻസ് നഗറിലെ സജിതയെ(35) ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭാര്യയും മകളും പിണങ്ങിപ്പോയതിനുപിന്നിൽ സജിതയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
തുടർന്നു പോത്തുണ്ടി വനമേഖലയിൽ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തെരിച്ചിലിനൊടുവിലാണ് പിടികൂടിയത്.