ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പോലീസ് തുടരന്വേഷണത്തിന് അപേക്ഷ നൽകി
Saturday, September 7, 2024 12:01 AM IST
കൊല്ലം: മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ പോലീസ് തുടരന്വേഷണത്തിന് അപേക്ഷ കോടതിയിൽ നൽകി . അപേക്ഷ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഇന്നു പരിഗണിക്കും.
കുട്ടിയുടെ പിതാവ് അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നാലുപേർ കുറ്റകൃത്യത്തിൽ ഉണ്ടായിരുന്നുവെന്നും മറ്റും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ പുതിയ നീക്കം. അപ്രകാരം പറയാൻ ഇടയായ സാഹചര്യവും മറ്റും അന്വേഷിക്കുന്നതിലേക്കാണ് തുടരന്വേഷണ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പിതാവിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ വിചാരണ നടപടികളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. മാത്രമല്ല ഇതിന് പിന്നിൽ പ്രതിഭാഗത്തിന്റെ സ്വാധീനം ഉണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് തുടരന്വേഷണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്.
കുട്ടിയുടെ സഹോദരൻ നാലുപേരെ കണ്ടിരുന്നു എന്നു പറഞ്ഞുവെങ്കിലും അത് പോലീസ് അന്വേഷിച്ചില്ല എന്ന തരത്തിലാണ് കുട്ടിയുടെ പിതാവിന്റെ സംഭാഷണം പുറത്ത് വന്നിരിക്കുന്നത്.എന്നാൽ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടി മൂന്നു പേരെ ഉണ്ടായിരുന്നുള്ളൂ എന്ന് മൊഴി നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ കുട്ടിയുടെ പിതാവിന്റെ അഭിപ്രായത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനും ഏത് സാഹചര്യത്തിൽ കുട്ടിയുടെ പിതാവ് അപ്രകാരം പറഞ്ഞു എന്നും തുടർന്ന് അന്വേഷിക്കുന്നതിനായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് മേധാവി എം .എം ജോസ് കോടതിയിൽ അപേക്ഷ നൽകിയത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ. ആർ.പദ്മകുമാർ, ഭാര്യ എം. ആർ. അനിതകുമാരി എന്നിവർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഇവരുടെ മകളും മൂന്നാം പ്രതിയുമായ പി. അനുപമയ്ക്ക് പഠനാവശ്യത്തിനായി കർശന ഉപാധികളോടെ ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ വർഷം നവംബർ 27-ന് വൈകുന്നേരം 4.30 ഓടെയാണ് കുട്ടിയെ സംഘം കാറിൽ തട്ടിക്കൊണ്ട് പോയത്.തടങ്കലിൽ പാർപ്പിച്ച ശേഷം കുട്ടിയെ അടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.
പിന്നീട് തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെ ഡിസംബർ രണ്ടിനാണ് അറസ്റ്റ് ചെയ്തത്. ആദ്യം പൂയപ്പള്ളി പോലീസും പിന്നീട് കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളിൽ തന്നെ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.