സ്പീക്കർ എ.എൻ. ഷംസീർ കുടുംബസമേതം വിദേശപര്യടനത്തിന്
Saturday, September 30, 2023 1:08 AM IST
തിരുവനന്തപുരം: നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ കുടുംബസമേതം വിദേശയാത്ര നടത്തുന്നു. സ്പീക്കറുടെ ഘാന സന്ദർശനത്തിനൊപ്പം ഇറ്റലി, സ്വിറ്റ്സർലൻണ്ട്, ജർമനി എന്നീ രാജ്യങ്ങൾകൂടി സന്ദർശിക്കുമെന്നു സൂചനയുണ്ട്.
നാളെയാണ് സ്പീക്കറും സംഘവും ആഫ്രിക്കൻ രാജ്യമായ ഘാനയിലേക്കു പുറപ്പെടുന്നത്. 16 വരെയാണു വിദേശ സന്ദർശനം. ഘാനയിൽനിന്നു നേരിട്ട് യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിനു പുറപ്പെടും.
കോമണ്‍വെൽത്ത് പാർലമെന്ററി അസോസിയേഷന്റെ (സിപിഎ) ആഗോള സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഘാനയിലേക്കു പോകുന്നത്. ആഗോള പാർലമെന്ററി, രാഷ്ട്രീയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ഓരോ വർഷവും വ്യത്യസ്തമായ രാജ്യങ്ങളിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കോമണ്‍വെൽത്ത് പാർലമെന്ററി സമ്മേളനം കാനഡയിലായിരുന്നു.
സ്പീക്കറുടെ യാത്രയ്ക്ക് 13 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. തുക ഇനിയും ഉയർത്തേണ്ടി വരും. ധന ബജറ്റ് വിംഗിൽ നിന്ന് സെപ്റ്റംബർ 23നാണു 13 ലക്ഷം രൂപ അധിക ഫണ്ട് ഇനത്തിൽ അനുവദിച്ചത്.
ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തിയാണ് തുക അനുവദിച്ചത്.
യാത്രാച്ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭാ സെക്രട്ടേറിയറ്റ് ഓഗസ്റ്റ് 16ന് സർക്കാരിന് കത്തു നൽകിയിരുന്നു.