പെൻഷൻകാർക്കുള്ള കുടിശിക ഈ സാന്പത്തിക വർഷം നൽകില്ല
Sunday, December 5, 2021 12:06 AM IST
തിരുവനന്തപുരം: പെൻഷൻ വർധനയുമായി ബന്ധപ്പെട്ടു പെൻഷൻകാർക്ക് ലഭിക്കേണ്ട കുടിശിക ഈ സാന്പത്തിക വർഷവും ലഭിക്കില്ല. കുടിശികയുടെ മൂന്നാം ഗഡു അടുത്ത സാന്പത്തിക വർഷവും നാലാം ഗഡു 2023- 24 ലും മാത്രമേ നൽകാനാകൂവെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
പതിനൊന്നാം ശന്പള പരിഷ്കരണ കമ്മീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ വർധന നടപ്പാക്കിയത്. കുടിശിക നാലു ഗഡുക്കളായി നവംബറിനകം വിതരണം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ, ഇതുവരെ രണ്ടു ഗഡുക്കൾ മാത്രമാണു വിതരണം ചെയ്യാൻ കഴിഞ്ഞത്. മൂന്നാം ഗഡു ഓഗസ്റ്റിൽ നൽകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് നൽകിയില്ല. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പെൻഷൻ കുടിശിക നൽകുന്നതിനു തടസം നേരിടുന്നതെന്നാണു സർക്കാർ വാദം.
സർവീസ് പെൻഷൻകാർക്കു പുറമേ ആശ്രിത പെൻഷൻകാർ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അടക്കമുള്ളവർക്കും ഉത്തരവ് ബാധകമാണ്.