പഹൽഗാം: തിരിച്ചടി തുടങ്ങി ഇന്ത്യ
Saturday, April 26, 2025 2:11 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരേ കടുത്ത നീക്കവുമായി ഇന്ത്യ. സിന്ധു നദീജല കരാർ റദ്ദാക്കിയത് ഇന്ത്യ കർശനമായി നടപ്പാക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണു തീരുമാനം. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം പോലും നൽകില്ലെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു. പാക്കിസ്ഥാനിലേക്ക് ജലം ഒഴുകുന്നതു തടയാനുള്ള തീരുമാനങ്ങളുമായി മുന്നോട്ടുപോകും. കരാർ മരവിപ്പിച്ചത് ലോക ബാങ്കിനെ അറിയിക്കും.
സിന്ധു നദീജല കരാറിൽ പരാമർശിക്കുന്ന അണക്കെട്ടുകളുടെ ശേഷി ഉയർത്തും. കരാർ മരവിപ്പിച്ച വിവരം വ്യാഴാഴ്ച ഇന്ത്യ ഔദ്യോഗികമായി പാക്കിസ്ഥാനെ അറിയിച്ചിരുന്നു. കരാർ മരവിപ്പിക്കുന്നത് യുദ്ധസമാന നടപടിയാണെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു.
അതിർത്തിയിൽ അതീവ ജാഗ്രത തുടരുന്നതിനൊപ്പം വൻ തോതിൽ സേനാവിന്യാസവും ഇന്ത്യ നടത്തിയിട്ടുണ്ട്. ബന്ദിപ്പോറയിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടു പോലീസുകാർക്കു പരിക്കേറ്റു.
നിയന്ത്രണരേഖയിൽ വ്യാഴാഴ്ച രാത്രി വെടിവയ്പ് നടത്തിയ പാക് സൈന്യത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. 2021ൽ പ്രാബല്യത്തിലായ വെടിനിർത്തൽ കരാർ ഇന്ത്യ റദ്ദാക്കിയേക്കുമെന്നു സൂചനയുണ്ട്.
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്നലെ ശ്രീനഗറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആർമി കമാൻഡർ (നോർത്തേൺ കമാൻഡ്) ലഫ്. ജനറൽ എം.വി. ശുചീന്ദ്രകുമാറും കരസേനാ മേധാവിക്കൊപ്പമുണ്ടായിരുന്നു. പഹൽഗാം ആക്രമണത്തിനുശേഷമുള്ള നടപടികൾ ഉന്നത കരസേനാ ഉദ്യോഗസ്ഥർ സേനാ മേധാവിയോടു വിശദീകരിച്ചു.
പഹൽഗാം ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട മൂന്നു ഭീകരർക്കായി കരസേന, പോലീസ്, സിആർപിഎഫ് എന്നിവ സംയുക്തമായി തെരച്ചിൽ ഊർജിതമാക്കി. ഉധംപുർ ജില്ലയിലെ വനമേഖലയിൽ ഭീകരരുണ്ടെന്നാണു നിഗമനം.
കിഷ്ത്വാർ, കഠുവ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലും തെരച്ചിൽ നടത്തുന്നുണ്ട്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ. തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടവരുടെയടക്കം വീടുകളിലും സുരക്ഷാസേന പരിശോധന നടത്തുന്നുണ്ട്. ആക്രമണത്തിൽ പങ്കാളികളായ രണ്ടു ഭീകരരുടെകൂടി രേഖാചിത്രം ഇന്നലെ പുറത്തുവിട്ടു. മുന്പ് മൂന്നു ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു.
അബദ്ധത്തിൽ അതിർത്തി കടന്നതിന്റെ പേരിൽ പാക് സൈന്യം അറസ്റ്റ് ചെയ്ത ബിഎസ്എഫ് ജവാനെ ഇതുവരെ മോചിപ്പിച്ചിട്ടില്ല. ബുധനാഴ്ചയാണ് പൂർണബ് കുമാർ ഷായെ പാക് സൈന്യം പിടികൂടിയത്. ജവാന്റെ വിവരങ്ങൾ ലഭ്യമാക്കാത്തതിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു.
ഇന്നലെ കാഷ്മീരിലെത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലഫ്. ഗവർണർ മനോജ് സിൻഹ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.