പോൾ ആറാമൻ മാർപാപ്പയുടെ ഇന്ത്യ സന്ദർശനം മതനിരപേക്ഷതയുടെ ചിഹ്നം: ജയ്റാം രമേശ്
Saturday, April 26, 2025 1:43 AM IST
ന്യൂഡൽഹി: പോൾ ആറാമൻ മാർപാപ്പയുടെ 1964ലെ ഇന്ത്യ സന്ദർശനത്തിലെ വിഖ്യാത ചിത്രം ഇന്ത്യൻ മതനിരപേക്ഷതയുടെ നേർചിത്രമാണെന്നു മുൻ കേന്ദ്രമന്ത്രിയും ഐഎസിസി ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ് എംപി.
മാർപാപ്പ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുമായും ഉപരാഷ്ട്രപതി സക്കീർ ഹുസൈനുമായും ബോംബെ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ വലേറിയൻ ഗ്രേഷ്യസുമായും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം ഉയർത്തിപ്പിടിച്ചായിരുന്നു ജയ്റാമിന്റെ വാക്കുകൾ.
ഡൽഹിയിൽ നടന്ന ദീപികയുടെ138ാമത് വാർഷികാഘോഷ ചടങ്ങിൽ, ’ഇതാണ് ഇന്ത്യ’ എന്ന മുഖവുരയോടെ പോൾ ആറാമൻ മാർപാപ്പയുടെ മുംബൈ സന്ദർശനത്തിന്റെ ചിത്രം ഉയർത്തി ജയറാം നടത്തിയ പരാമർശം സദസിന്റെ ഒന്നാകെ കൈയടി നേടി.
1964ൽ മുംബൈയിൽ നടന്ന 38ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്ഗ്രസിൽ പങ്കെടുക്കാനായി മാർപാപ്പ ഇന്ത്യയിലെത്തിയപ്പോഴത്തേതാണ് ജയ്റാം ഉയർത്തിക്കാട്ടിയ ഫോട്ടോ. മൂന്ന് വ്യത്യസ്ത മതങ്ങളുടെ പേരു പറയാതെയായിരുന്നു മതനിരപേക്ഷതയുടെ പ്രതീകമായ ചിത്രം ജയ്റാം സദസിനുമുന്പാകെ ഉയർത്തിയത്.
രാജ്യത്തു ക്രിസ്ത്യാനികൾ വളരെ കുറവായിരുന്നെങ്കിലും അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്ഗ്രസ് ഇന്ത്യയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞത് മതനിരപേക്ഷതാ മൂല്യങ്ങൾക്ക് നമ്മുടെ രാജ്യം എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നുവെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
താനുൾപ്പെടെയുള്ള നിരവധി നേതാക്കൾ ഫ്രാൻസിസ് മാർപാപ്പയുടെ ഈശോസഭ നടത്തിയ ജസ്യൂട്ട് സ്കൂളിലാണ് പഠിച്ചത്. അത് തന്റെ മതനിരപേക്ഷ, ദേശീയ ബോധത്തിനും പാവങ്ങളോടുള്ള കാഴ്ചപ്പാടിനും കാരണമായെന്നു ജയ്റാം പറഞ്ഞു.
വിവിധ മതങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പ്രസംഗിച്ചു.
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ, കേരള കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി, സിപിഎം രാജ്യസഭാ എംപി എ.എ. റഹീം എന്നിവർ പ്രത്യേക അതിഥികളായി പ്രസംഗിച്ചു.
ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ. വി. തോമസ്, മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ഹാരിസ് ബീരാൻ എംപി, മുൻ മന്ത്രിയും എംഎൽഎയുമായ സോമനാഥ് ഭാരതി, ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നന്പൂതിരിപ്പാട്, കേന്ദ്ര ധനകാര്യ കമ്മീഷൻ അംഗം ആനി ജോർജ് മാത്യു, സി ബി സി ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. മാത്യു കോയിക്കൽ, വിവിധ മതനേതാക്കളായ സ്വാമി ചിത്തസുധൻ, ഫാ. ഗുർമെയിൽ ഗിൽ, ഗോ സ്വാമി സുശീൽ മഹാരാജ്, സ്വാമി ആത്മ നന്പി, മൗലാനാ മുഹമ്മദ് അജസൂർ റഹ്മാൻ, കാർമൽ എം. ത്രിപാഠി, ആചാര്യ യേഷി, വിവേക് മുനിജി മഹാരാജ്, നരിമാൻ സെയ്വാല, പ്രമുഖ പത്രപ്രവർത്തകരായ കെ. ഗോപാലകൃഷ്ണൻ, പരൻ ബാലകൃഷ്ണൻ, എൻ. അശോകൻ, ജോസഫ് മാളിയേക്കൽ, പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഗൗതം ലാഹിരി, ഇന്ത്യൻ വനിത പ്രസ് ക്ലബ് പ്രസിഡന്റ് സുജാത രാഘവൻ, പി.എം.നാരായണൻ, വെങ്കിടേഷ് രാമകൃഷ്ണൻ, വി.കെ. ചെറിയാൻ, ചിത്ര നാരായണൻ, കുംകും ചദ്ദ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, സെക്രട്ടറി ടോണി കണ്ണന്പുഴ, ബാബു പണിക്കർ, ജോണ് ഫിലിപ്പോസ്, ഡോ. ലില്ലി ജോർജ്, ഡോ. ദീപ്തി ഓംചേരി ഭല്ല, ബീന മാധവൻ, സഞ്ജന ജോണ്, ശശി ഏബ്രഹാം, ബാബു തളിയത്ത്, ഡൊമിനിക് ജോസഫ്, ഡോ.എം.എസ്. ഒബ്റോയ്, ഡോ.കെ. സുന്ദരേശൻ തുടങ്ങി ഡൽഹിയിലെ വിവിധ തുറകളിലുള്ള അനേകം പ്രമുഖർ പങ്കെടുത്തു.