രണ്ടു ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർന്നു
Saturday, April 26, 2025 2:11 AM IST
ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ രണ്ടു ലഷ്കർ-ഇ-തൊയ്ബ ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർന്നു. വ്യാഴാഴ്ച രാത്രിയാണു സംഭവം. വാർത്താ ഏജൻസി പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആദിൽ ഹുസൈൻ തോകർ, ആസിഫ് ഷേഖ് എന്നിവരുടെ വീടുകളിൽ സുരക്ഷാസേന പരിശോധന നടത്തിയപ്പോൾ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതു കണ്ടെത്തി. ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണു വീടുകൾ തകർന്നത്.
സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഉടൻ വീടുകളിലുണ്ടായിരുന്നവരെയും അയൽവാസികളെയും സുരക്ഷിതസ്ഥാനത്തേക്ക് സുരക്ഷാസൈനികർ മാറ്റിയിരുന്നു.
ആദിലിന്റെ വീട് ബിജ്ബെഹാരയിലും ആസിഫിന്റേത് ത്രാലിലുമായിരുന്നു. അനന്ത്നാഗ് ജില്ലക്കാരനായ ആദിലാണ് പഹൽഗാം കൂട്ടക്കൊലയിലെ മുഖ്യ പ്രതി. ആസിഫ് ഷേഖ് ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ്.