വഖഫ് ഭേദഗതി നിയമം സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിന് ; കേന്ദ്രം സുപ്രീംകോടതിയിൽ
Saturday, April 26, 2025 1:43 AM IST
ന്യൂഡൽഹി: കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ ഭേദഗതി വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പ് മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും മത സ്വാതന്ത്ര്യം ഹനിക്കുന്ന ഒന്നും നിയമത്തിലില്ലെന്നും ന്യൂനപക്ഷ മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നേരത്തേ വാദം കേട്ടപ്പോൾ ഹർജികളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഉപയോഗത്തിലൂടെ വഖഫായ (വഖഫ് ബൈ യൂസർ) എന്ന വ്യവസ്ഥ ഭേദഗതിയിൽ ഒഴിവാക്കുന്നത് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വഖഫ് സ്വത്തുക്കളെ ബാധിക്കില്ല. പ്രത്യേക ആധാരങ്ങൾ ഇല്ലാത്ത, നൂറ്റാണ്ടുകൾ പഴക്കമുള്ള വഖഫ് ഭൂമികളെ ഈ ഒഴിവാക്കൽ ബാധിക്കുമെന്നത് തെറ്റായ പ്രചാരണമാണ്.
നിലവിൽ ഉപയോഗത്തിലൂടെയുള്ള വഖഫ് ഭൂമികൾക്ക് അംഗീകാരം ലഭിക്കാൻ ഒരു രേഖയും ഹാജരാക്കേണ്ട ആവശ്യമില്ല. എന്നാൽ ഇവ രജിസ്റ്റർ ചെയ്തിരിക്കണം. വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ ഒരു പുതിയ വ്യവസ്ഥയല്ല. 1923 ലെ മുസൽമാൻ വഖഫ് നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇത് നിലനിൽക്കുന്നതായി കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അമുസ്ലിംകളെ വഖഫ് കൗണ്‍സിലുകളിൽ ബോർഡുകളിലും ഉൾപ്പെടുത്തുന്നത് ന്യായീകരിച്ച സർക്കാർ കേന്ദ്ര വഖഫ് കൗണ്‍സിലിന് പൊതുവായ ഉപദേശക റോൾ മാത്രമേയുള്ളൂവെന്നും, അത് ഏതെങ്കിലും പ്രത്യേക ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്നും വ്യക്തമാക്കി. സംസ്ഥാന ബോർഡാണ് മതേതര സ്വഭാവമുള്ള നിയന്ത്രണാധികാരങ്ങൾ പ്രയോഗിക്കുന്നത്.
വഖഫ് ബോർഡ് ഒരു മതേതര സ്ഥാപനമാണെന്നും മുസ്ലിംകളുടെ മാത്രം പ്രതിനിധി സഭയല്ലെന്നും നിലപാടെടുക്കുന്ന കോടതി വിധികളും നിലവിലുണ്ട്. വഖഫ് ബോർഡുകൾ പലപ്പോഴും അമുസ്ലിംകളുടെ സ്വത്തുക്കളിൽ വാദം ഉയർത്തുന്നതിനാൽ ബോർഡുകളിലെ അമുസ്ലിം സാന്നിധ്യം ഇരുപക്ഷത്തുമുള്ളവർക്ക് തുല്യത ഉറപ്പ് വരുത്തുന്നതിനാണെന്നും കേന്ദ്രം വ്യക്തമാക്കി.
വഖഫ് ബോർഡിന്റെ രേഖകൾ മാത്രം നിലനിർത്തി സർക്കാർ സ്വത്തുക്കൾ വഖഫ് ആയി പ്രഖ്യാപിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായും സത്യവാങ്മൂലത്തിലുണ്ട്. മുസ്ലിം വ്യക്തികൾ സൃഷ്ടിക്കുന്ന ട്രസ്റ്റുകൾ വഖഫ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് നിയമത്തിലെ സെക്ഷൻ 2 (എ) എന്ന വ്യവസ്ഥയെക്കുറിച്ച് സുപ്രീംകോടതി തന്നെ മുൻകാലങ്ങളിലെ വിധികളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
പാർലമെന്റ് പാസാക്കുന്ന ഓരോ നിയമവും ഭരണഘടനാപരമാണെന്നും അതിനാൽ നിയമത്തിലെ വ്യവസ്ഥകൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ടും കണ്ടെത്തലുകളും സത്യവാങ്മൂലത്തോടൊപ്പം ചേർത്തിട്ടുണ്ട്. മെയ് അഞ്ചിനാണ് കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുക.