സിംല കരാർ ഒപ്പുവച്ച മേശയിലെ പാക് പതാക കാണാതായി
Saturday, April 26, 2025 1:43 AM IST
സിംല: ഇന്ത്യാ-പാക് ബന്ധത്തിലെ നിർണായക വഴിത്തിരിവുകളിലൊന്നായ സിംല കരാർ ഒപ്പുവച്ച മേശയിലെ പാക്കിസ്ഥാന്റെ പതാക അപ്രത്യക്ഷമായി.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ഹിമാചൽപ്രദേശ് രാജ്ഭവനിൽ സൂക്ഷിച്ചിരുന്ന മേശയിൽനിന്ന് പാക് പതാക കാണാതായത്.
ഇന്ത്യൻ നടപടികളോടുള്ള പ്രതികരണമായി 1972 ൽ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറിയതായി പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്കിസ്ഥാനിലെ അന്നത്തെ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയുമാണ് കരാറിൽ ഒപ്പിട്ടത്. ഹിമാചൽ രാജ്ഭവനിലെ കിർതി ഹാളിൽ തടികൊണ്ടുള്ള കസേരയിലാണ് കരാർ ഒപ്പിട്ടത്.
ചരിത്രസ്മാരകം എന്ന നിലയിൽ ഈ കസേര ഉൾപ്പെടെ ഒരു പ്ലാറ്റ്ഫോമിലാക്കി സംരക്ഷിച്ചുവരികയായിരുന്നു. 3-7-1972 ൽ സിംല കരാർ ഇവിടെവച്ച് ഒപ്പിട്ടു എന്ന അറിയിപ്പും കരാർ ഒപ്പിടുന്നതിന്റെ ഫോട്ടോയും കസേരയ്ക്കു സമീപം പ്രദർശിപ്പിച്ചിരുന്നു.
പാക് പതാക നീക്കംചെയ്തത് എപ്പോഴാണെന്നു വ്യക്തമല്ല. പതാക മേശയിൽ ഇപ്പോഴില്ലെന്ന സ്ഥിരീകരണം മാത്രമാണ് രാജ്ഭവൻ നൽകുന്നത്.