നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയയ്ക്കും നോട്ടീസ് അയയ്ക്കാൻ വിസമ്മതിച്ച് കോടതി
Saturday, April 26, 2025 1:43 AM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും ആശ്വാസം.
കേസിൽ അടിയന്തര നോട്ടീസ് അയക്കാൻ വിസമ്മതിച്ച ഡൽഹി റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ, കൂടുതൽ തെളിവുകളും രേഖകളും സമർപ്പിക്കാൻ ഇഡിയോട് നിർദേശിച്ചു.
രേഖകൾ സമർപ്പിച്ചശേഷം ഇരുവർക്കും നോട്ടീസ് അയയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. മേയ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
ഈ മാസം ആദ്യമാണ് നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനും സോണിയയ്ക്കുമെതിരേ ഇഡി കുറ്റപത്രം സമർപ്പിച്ചത്. സോണിയയെയും രാഹുലിനെയും ഒന്നും രണ്ടും പ്രതികളായാണു കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) 44, 45 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) 2000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ 50 ലക്ഷം രൂപയ്ക്ക് രാഹുലിനും സോണിയയ്ക്കും ഓഹരിയുള്ള യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തട്ടിയെടുത്തുവെന്നായിരുന്നു നാഷണൽ ഹെറാൾഡ് കേസിൽ ഇരുവർക്കുമെതിരേയുള്ള ആരോപണം.