സവർക്കർക്കെതിരായ പരാമർശം: രാഹുലിനെ വിമർശിച്ച് സുപ്രീംകോടതി
Saturday, April 26, 2025 1:43 AM IST
ന്യൂഡൽഹി: വീർ സവർക്കർക്കെതിരേ പരാമർശം നടത്തിയ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരേ വിമർശനവുമായി സുപ്രീംകോടതി.
സ്വാതന്ത്ര്യസമര സേനാനിക്കെതിരേ രാഹുൽ നടത്തിയ പ്രസ്താവനകൾ നിരുത്തരവാദപരമാണെന്നും സമാന പ്രസ്താവനകൾ ഭാവിയിൽ നടത്തിയാൽ കോടതി സ്വമേധയാ നടപടി സ്വീകരിക്കുമെന്നും ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നവർക്കെതിരേ ഇത്തരം പെരുമാറ്റം പാടില്ലെന്നും കോടതി താക്കീത് നൽകി. സവർക്കർക്കെതിരേ രാഹുൽ വിവാദ പ്രസ്താവന നടത്തിയെങ്കിലും അദ്ദേഹത്തിന്റെ മുത്തശിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധി സവർക്കറെ പ്രശംസിച്ച് കത്തെഴുതിയതായും കേസ് പരിഗണിക്കവേ കോടതി പരാമർശിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രമോ പശ്ചാത്തലമോ അറിയാതെ ഇത്തരം പരാമർശങ്ങൾ, പ്രസ്താവനകൾ നടത്താൻ കഴിയില്ലെന്ന് കോടതി സൂചിപ്പിച്ചു. എന്നാൽ വിവാദ പ്രസ്താവന നടത്തിയതിനെതിരേ മജിസ്ട്രേറ്റ് കോടതി രാഹുലിന് അയച്ച സമൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ബ്രിട്ടീഷുകാരുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു സവർക്കറെന്നും അവരിൽനിന്ന് അദ്ദേഹം പെൻഷൻ കൈപ്പറ്റിയിരുന്നുവെന്നുമാണ് രാഹുൽ നടത്തിയ പ്രസ്താവന. ഇതിനെതിരേ സമൻസ് അയച്ച അലഹബാദ് ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. 2022 നവംബറിൽ രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടയിലായിരുന്നു വിവാദ പരാമർശം.