ഐഎസ്ആർഒ മുൻ ചെയർമാൻ; കെ. കസ്തൂരിരംഗൻ അന്തരിച്ചു
Saturday, April 26, 2025 2:11 AM IST
ന്യൂഡൽഹി/ബംഗളൂരു: ബഹിരാകാശ ഗവേഷണമേഖലയിൽ രാജ്യത്തിനു സമാനതകളില്ലാത്ത കുതിപ്പ് സമ്മാനിച്ച ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ (84) അന്തരിച്ചു.
വിദ്യാഭ്യാസ വിചക്ഷണൻ, പശ്ചിമഘട്ടസംരക്ഷണത്തിനായി തയാറാക്കിയ റിപ്പോർട്ടിന്റെ ശില്പി തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. 2023ൽ ശ്രീലങ്ക സന്ദർശനവേളയിലുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
കൊച്ചിയിൽ ജനിച്ച് ബോംബെ സർവകലാശാലയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ നേടിയ ഡോ. കസ്തൂരിരംഗൻ ഒന്‍പതു വര്‍ഷമാണ് ഐഎസ്ആർഒയെ നയിച്ചത്. സ്പേസ് കമ്മീഷന്, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
ഡോ. കസ്തൂരി രംഗന്റെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ ചന്ദ്രയാൻ പദ്ധതിയുടെ പ്രാഥമികരൂപം തയാറായത്. രാജ്യത്തിന്റെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര-ഒന്ന്, ഭാസ്കര-രണ്ട് എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. പിഎസ്എല്‍വി, ജിഎസ്എല്‍വി വിക്ഷേപണങ്ങളിലും നേതൃപരമായ പങ്കുവഹിച്ചു. 2003 ഓഗസ്റ്റ് 27ന് ഐഎസ്ആർഒയിൽനിന്ന് വിരമിച്ചു.
2003 മുതല്‍ 2009 വരെ രാജ്യസഭാംഗമായി പ്രവർത്തിച്ച ഡോ. കസ്തൂരിരംഗനു പദ്മശ്രീ (1982), പദ്മഭൂഷണ്‍ (1992), പദ്മവിഭൂഷണ് (2000) ബഹുമതികള്‍ നല്കി രാജ്യം ആദരിച്ചു. 2009 മുതൽ 2014 വരെ ആസൂത്രണകമ്മീഷൻ അംഗം, തുടർന്ന് ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റർ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭൗമശാസ്ത്ര-വിദ്യാഭ്യാസ മേഖലയിലെ എൻസൈക്ലോപീഡിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തി കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്ന് ഡോ. കസ്തൂരിരംഗൻ തയാറാക്കിയ റിപ്പോർട്ട് ഇന്നും സജീവചർച്ചയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലെ പരിഷ്കാരങ്ങള്‍ക്കും നേതൃത്വം നൽകിയ അദ്ദേഹം ഡൽഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ചാന്‍സലര്‍, കര്‍ണാടക നോളജ് കമ്മീഷന് ചെയര്മാന് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
1940 ഒക്ടോബര്‍ 24നു കൊച്ചിയിലാണു ജനനം. കൊച്ചി സമൂഹമഠത്തില്‍ കൃഷ്ണസ്വാമിയും വിശാലാക്ഷിയുമാണു മാതാപിതാക്കൾ. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയശേഷം അഹമ്മദാബാദില്‍ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലിചെയ്യുന്നതിനിടെ എക്സ്പിരിമെന്റല്‍ ഹൈ എനര്‍ജി അസ്ട്രോണമിയില്‍ ഡോക്ടറേറ്റ് നേടി. ഇതിനുശേഷമാണ് ഐഎസ്ആർഒയിലെത്തിയത്. ബംഗളൂരുവിൽ മക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
ഞായറാഴ്ച ബംഗളൂരു രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ പ്രമുഖർ കസ്തൂരി രംഗന്റെ നിര്യാണത്തിൽ അനുശോചിച്ചു.