24 വർഷം മുന്‍പത്തെ അപകീർത്തിക്കേസ്; മേധ പട്കറെ അറസ്റ്റ് ചെയ്തു
Saturday, April 26, 2025 1:43 AM IST
ന്യൂഡൽഹി: സാമൂഹ്യപ്രവർത്തക മേധാ പട്കറെ 24 വർഷം മുന്‍പുള്ള അപകീർത്തിക്കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
നിലവിലെ ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേനയ്ക്കെതിരേ 2000ത്തിൽ നടത്തിയ അപകീർത്തി പരാമർശങ്ങളെത്തുടർന്നുള്ള കേസിലാണ് അറസ്റ്റ്. കേസിൽ ശിക്ഷ ഒഴിവാക്കാനായുള്ള പ്രൊബേഷൻ ബോണ്ടുകൾ മേധ മനഃപൂർവം കെട്ടിവച്ചില്ലെന്നു ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വാറന്റോടെയായിരുന്നു അറസ്റ്റ്.
അറസ്റ്റുണ്ടായി മണിക്കൂറുകൾക്കുശേഷം പ്രൊബേഷൻ ബോണ്ടും ഒരു ലക്ഷം രൂപ പിഴയും നൽകിയതിനാൽ മേധയെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.
ലോകപ്രശസ്ത സാമൂഹിക മുന്നേറ്റമായി മാറിയ ‘നർമദ ബചാവോ ആന്ദോാളൻ’ സംഘടനയുടെ സ്ഥാപക നേതാവായ മേധ പട്കർ 2000 നവംബർ 24ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പാണ് കേസിനാധാരം. നർമദ നദിയെ സംരക്ഷിക്കുന്നതിനായി ‘നർമദ ബചാവോ ആന്തോളൻ’ സമരമുഖത്ത് അണിനിരന്നപ്പോൾ നർമദ നദിയിൽ അണക്കെട്ട് നിർമിക്കുന്നതിനുള്ള സർദാർ സരോവർ പദ്ധതിയെ സക്സേന അധ്യക്ഷനായ നാഷണൽ കൗണ്‍സിൽ ഓഫ് സിവിൽ ലിബർട്ടീസ് എന്ന സംഘടന സജീവമായി പിന്തുണച്ചിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സക്സേനയുടെ സംഘടന നർമദ ബചാവോ ആന്ദോളനെ രഹസ്യമായി പിന്തുണച്ചിരുന്നുവെന്നായിരുന്നു പത്രക്കുറിപ്പിലെ പ്രധാന ആരോപണം. സക്സേന തങ്ങൾക്ക് ഒരു ചെക്ക് നൽകിയിരുന്നുവെന്നും എന്നാൽ അതു മടങ്ങിപ്പോയെന്നും പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്ത മേധ, സക്സേനയെ ‘ഭീരു’വെന്നും വിശേഷിപ്പിച്ചിരുന്നു.
സർദാർ സരോവർ പദ്ധതി കൃത്യസമയത്തു പൂർത്തിയാക്കുമെന്ന് ഉറപ്പാക്കാൻ സജീവമായി ഇടപെട്ടിരുന്ന സക്സേന, തനിക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ആരോപിച്ച് 2001 ജനുവരി 18നാണ് മേധയ്ക്കെതിരേ അപകീർത്തിക്കേസ് നൽകിയത്.
കേസിൽ സക്സേനയുടെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്താൻ മനഃപൂർവം ലക്ഷ്യമിട്ടുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് മേധാ പട്കർക്കു മെട്രോപോളിറ്റൻ കോടതി അഞ്ചു മാസം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.
ഈ വർഷം ഏപ്രിൽ രണ്ടിന് മെട്രോപോളിറ്റൻ കോടതിവിധി ശരിവച്ച സെഷൻസ് കോടതി ഏപ്രിൽ എട്ടിന് അറസ്റ്റ് തടയുന്ന പ്രൊബേഷൻ മേധയ്ക്ക് അനുവദിക്കുകയും ഏപ്രിൽ 23നകം ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ ബോണ്ടും കെട്ടിവയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.
ശിക്ഷയിൽനിന്നു തടയുന്ന പ്രൊബേഷൻ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മേധയ്ക്കെതിരേ ജാമ്യമില്ലാ വാറന്റ് ഡൽഹി കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെയായിരുന്നു അറസ്റ്റ്.
ശിക്ഷ ശരിവച്ച കോടതിവിധിക്കെതിരേ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും അറസ്റ്റിന് മണിക്കൂറുകൾക്കുശേഷം മേധ ഹർജി പിൻവലിച്ചിട്ടുണ്ട്.