ഒന്നിച്ചുനിൽക്കണം, പരാജയപ്പെടുത്തണം: പഹൽഗാമിൽ രാഹുൽ ഗാന്ധി
Saturday, April 26, 2025 1:43 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ ഉദ്ദേശ്യം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതായിരുന്നെന്നും ഭീകരതയെ എന്നെന്നേക്കുമായി പരാജയപ്പെടുത്താൻ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അനിവാര്യമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇതൊരു ഭയാനകമായ ദുരന്തമാണ്. കാഷ്മീരിലെ മുഴുവൻ ജനങ്ങളും ഈ ഭയാനക സംഭവത്തെ അപലപിച്ചു. അവർ രാജ്യത്തിന് പൂർണ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ബദാമിബാഗ് കന്റോൺമെന്റിലെ സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിലെത്തിയ രാഹുൽ ഗാന്ധി പരിക്കേറ്റവരെ സന്ദർശിച്ചു. കാഷ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെയും രാഹുൽ കണ്ടു.
സമൂഹത്തെ വിഭജിക്കുക, സഹോദരന്മാരെ തമ്മിലടിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശ്യം. ഭീകരവാദത്തെ പരാജയപ്പെടുത്താൻ ഓരോ ഇന്ത്യക്കാരനും ഐക്യത്തോടെ നിൽക്കണം- രാഹുൽ പറഞ്ഞു. കാഷ്മീരിലെ സഹോദരീസഹോദരന്മാരെ ചിലർ ആക്രമിക്കുന്നത് കാണുന്നത് സങ്കടകരമാണ്.
നാമെല്ലാവരും ഒരുമിച്ചു നിൽക്കുകയും, ഐക്യത്തോടെ നിൽക്കുകയും, ഭീകരതയെ എന്നെന്നേക്കുമായി പരാജയപ്പെടുത്തുകയുമാണുവേണ്ടതെന്ന് കരുതുന്നു- രാഹുൽ കൂട്ടിച്ചേർത്തു.