ഉപരാഷ്ട്രപതിയുടെ "ആണവ മിസൈൽ' പരാമർശം; ആഞ്ഞടിച്ച് പ്രതിപക്ഷം
Sunday, April 20, 2025 1:00 AM IST
ന്യൂഡൽഹി: സുപ്രീംകോടതിക്കു പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ 142-ാം വകുപ്പ് "ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈൽ' ആണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ നടത്തിയ പരാമർശത്തിനെതിരേ പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം.
ഒരു രാജ്യസഭാ ചെയർമാനും ഇതുപോലുള്ള "രാഷ്ട്രീയ പ്രസ്താവനകൾ’ നടത്തുന്നത് താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് മുൻ നിയമമന്ത്രിയും രാജ്യസഭാംഗവുമായ കപിൽ സിബൽ പറഞ്ഞു. ഉപരാഷ്ട്രപതി വഹിക്കുന്ന പദവിയുടെ പക്ഷപാതരഹിതവും തുല്യഅകലത്തിലുള്ളതുമായ സ്വഭാവം അദ്ദേഹം ചൂണ്ടിക്കാട്ടി.
ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിവിധിക്കെതിരേയായിരുന്നു ഉപരാഷ്ട്രപതി വ്യാഴാഴ്ച ആഞ്ഞടിച്ചത്.
“ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ തീരുമാനം വന്നപ്പോൾ, ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ എന്ന ഒരു ജഡ്ജി മാത്രമാണ് വിധി പ്രസ്താവിച്ചതെന്ന് ഓർക്കണം. ധൻകർജിക്ക് അത് സ്വീകാര്യമായിരുന്നു.
പക്ഷേ ഇപ്പോൾ രണ്ട് ജഡ്ജിമാരുടെ ബെഞ്ചിന്റെ വിധി ശരിയല്ല, കാരണം അത് സർക്കാരിന് അനുകൂലമല്ല,” 1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി അനുസ്മരിച്ചുകൊണ്ട് വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സിബൽ പറഞ്ഞു.
ജുഡീഷറിക്കു സ്വയം പ്രതിരോധിക്കാനാകാത്തതിനാൽ എക്സിക്യൂട്ടീവ് അതിനെ ആക്രമിക്കുന്നതു ശരിയല്ലെന്നും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുകൂടിയായ കപിൽ സിബൽ ഓർമിപ്പിച്ചു. ഉപരാഷ്ട്രപതിക്കു പുറമേ അർജുൻ റാം മേഘ്വാൾ, കിരൺ റിജിജു എന്നീ മന്ത്രിമാരും നിരന്തരം ജുഡീഷറിയെ ആക്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആർട്ടിക്കിൾ 142 സുപ്രീംകോടതി വളരെക്കുറച്ചേ ഉപയോഗിക്കുന്നുള്ളൂവെങ്കിലും, ഗവർണർമാരുടെ കേസിലല്ല ആദ്യമായി പ്രയോഗിച്ചതെന്ന് ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ പി. വിൽസൺ ചൂണ്ടിക്കാട്ടി. ഗവർണർമാരുടെ കേസിൽ തമിഴ്നാട് സർക്കാരിനുവേണ്ടി ഹാജരായത് അദ്ദേഹമായിരുന്നു.
രാമജന്മഭൂമി കേസിൽ ഉടമസ്ഥാവകാശത്തിന്റെ കർശനമായ വിധിനിർണയത്തിനപ്പുറം തുല്യമായ ആശ്വാസം നൽകുന്നതിന് ആർട്ടിക്കിൾ 142 ഉപയോഗിച്ചിരുന്നു. അന്ന് കുഴപ്പമില്ലാതിരുന്ന അതേ ആർട്ടിക്കിൾ ഇന്ന് എങ്ങനെയാണ് "ആണവ മിസൈൽ’ ആകുന്നതെന്നും വിൽസൺ ചോദിച്ചു.
ഗവർണറെയും രാഷ്ട്രപതിയെയുംകുറിച്ചുള്ള സുപ്രീംകോടതി ഉത്തരവ് സമയോചിതവും കൃത്യവും ധീരവുമാണെന്നായിരുന്നു കോൺഗ്രസ് രാജ്യസഭാ എംപി രൺദീപ് സുർജെവാലെയുടെ പ്രതികരണം. ഉയർന്ന പദവികൾ വഹിക്കുന്നവർ തങ്ങളുടെ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾക്ക് അതീതരാണെന്ന ധാരണ ഈ ഉത്തരവ് തിരുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തിയല്ല, ഭരണഘടനയാണ് പരമോന്നതമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. 55 എംപിമാർ ഒപ്പിട്ട പ്രമേയം അവതരിപ്പിച്ചിട്ടും അലഹബാദ് ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയുടെ പ്രകടമായ വർഗീയ പരാമർശങ്ങൾ ചർച്ച ചെയ്യാൻ രാജ്യസഭാധ്യക്ഷനായ ധൻകർ അനുവദിച്ചില്ലെന്ന കാര്യം ഡി. രാജ ചൂണ്ടിക്കാട്ടി.
ഉപരാഷ്ട്രപതിയുടെ പ്രതികരണം പക്ഷപാതപരമാണെന്നും അദ്ദേഹം ആരോപിച്ചു. നമ്മളെല്ലാവരും സംയമനത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ കാലാവസ്ഥയാണിപ്പോഴെന്ന് ആർജെഡി എംപി മനോജ് കെ. ഝാ അഭിപ്രായപ്പെട്ടു.