സിഗ്നൽ മറികടന്നെത്തിയ ബസിടിച്ച് നാലു പേർ മരിച്ചു
Thursday, April 17, 2025 2:09 AM IST
രാജ്കോട്ട് (ഗുജറാത്ത്): ട്രാഫിക് സിഗ്നൽ മറികടന്നെത്തിയ രാജ്കോട്ട് മുനിസിപ്പൽ കോർപറേഷന്റെ ഇലക്ട്രിക് ബസിടിച്ച് രണ്ടു സ്ത്രീകളുൾപ്പെടെ നാലു പേർ മരിച്ചു. ഏഴു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 10ന് ഇന്ദിര സർക്കിളിനു സമീപമായിരുന്നു അപകടം.
രണ്ട് കാറുകളിലും ആറ് ഇരുചക്രവാഹനങ്ങളിലുമാണു ബസിടിച്ചത്. ബസ് ഡ്രൈവർ ശിശുപാൽ സിംഗ് റാണയ്ക്കെതിരേ കേസെടുത്തു. ഇയാൾ പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിനുശേഷം ഒരു സംഘം ആളുകൾ ബസ് അടിച്ചുതകർത്തു.
പോലീസ് ലാത്തിച്ചാർജ് നടത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. ഒരു സ്വകാര്യ ഏജൻസിക്കാണ് വാഹനം ഓടിക്കാനുള്ള സർവീസ് ലൈസൻസ് നല്കിയിരിക്കുന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 15 ലക്ഷം രൂപ വീതം ധനസഹായം നല്കുമെന്നും മുനിസിപ്പൽ അധികൃതർ പറഞ്ഞു.
പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപ വീതം ലഭിക്കും. ബ്രേക്ക് ഉപയോഗിക്കാത്തതാണോ തകരാർ ആണോ എന്നു പോലീസ് പരിശോധിക്കുന്നുണ്ട്.