മീററ്റിൽ അഞ്ചൽ മോഡൽ കൊലപാതകം
Friday, April 18, 2025 2:56 AM IST
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ അഞ്ചൽ ഉത്രവധം മോഡൽ കൊലപാതകം. ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയും പാമ്പിനെ കട്ടിലിൽ വയ്ക്കുകയും ചെയ്തു.
പാമ്പുകടിയേറ്റാണു മരണമെന്നു വരുത്തിത്തീർക്കാനായിരുന്നു നീക്കം. മീററ്റ് ബെഹ്സുമയിലെ അക്ബർപുർ സദത്ത് ഗ്രാമത്തിലായിരുന്നു സംഭവം. അമിത് കശ്യപ് (30) എന്ന യുവാവാണു കൊല്ലപ്പെട്ടത്.
സംഭവത്തിൽ അമിതിന്റെ ഭാര്യ രവിതയും (30) കാമുകൻ അമർദീപും (20) പിടിയിലായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അമിതിന്റെ മരണം കഴുത്തുഞെരിച്ചാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പ്രതികളുടെ ക്രൂരകൃത്യം പുറംലോകമറിഞ്ഞു.
അമിതിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ പാമ്പിനെ കട്ടിലിൽകൊണ്ടിടുകയായിരുന്നു. പാമ്പ് അമിതിന്റെ മൃതദേഹത്തിൽ പലതവണ കടിച്ചു.
മുറിപ്പാട് കണ്ടതോടെയാണു മരണം പാമ്പ് കടിച്ചതാണെന്ന നിഗമനത്തിൽ പോലീസും നാട്ടുകാരുമെത്തിയത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പാമ്പ് കടിയേറ്റല്ല മരണമെന്ന് വ്യക്തമായതോടെ പോലീസ് പ്രതികളെ ചോദ്യം ചെയ്യുകയും ക്രൂരകൃത്യം പുറത്തുവരികയുമായിരുന്നു.
രവിതയും അമർദീപും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അമിതിന് അറിയാമായിരുന്നു. ഇതേച്ചൊല്ലി ഭാര്യയുമായി പലപ്പോഴും വഴക്കുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.