വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി സമർപ്പിക്കും
Thursday, April 17, 2025 2:09 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിക്കും. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവും വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവും തീരുമാനിച്ചെങ്കിലും സന്ദർശനത്തിന്റെ വിശദാംശങ്ങൾക്ക് അന്തിമരൂപം നൽകിവരുന്നതേയുള്ളൂ.
കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ എത്തിയെങ്കിലും ഏഷ്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സമർപ്പണം പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി നീളുകയായിരുന്നു.
ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി.എൻ. വാസവൻ, വ്യവസായ മന്ത്രി പി. രാജീവ്, ഡോ. ശശി തരൂർ എംപി, വ്യവസായി ഗൗതം അദാനി അടക്കമുള്ളവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഈ തുറമുഖം 2015ൽ 40 വർഷത്തേക്ക് ഒപ്പുവച്ച കരാർപ്രകാരം അദാനി ഗ്രൂപ്പാണു നടത്തുന്നത്.
രാജ്യത്തെ ആദ്യ ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ഹബ്ബായ വിഴിഞ്ഞം തുറമുഖം കൊളംബോ, സലാല, ദുബായ്, സിംഗപ്പുർ തുടങ്ങിയ വൻകിട തുറമുഖങ്ങളുമായാണു മത്സരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ വികസിപ്പിച്ച തുറമുഖം ഇന്ത്യയുടെ ആഗോള വ്യാപാരത്തിൽ വൻ കുതിപ്പാകുമെന്നാണ് കരുതുന്നത്.
പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകൾക്കു സമീപം തന്ത്രപരമായി സ്ഥിതിചെയ്യുന്നതും 18 മീറ്റർ സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റുള്ളതുമായ വിഴിഞ്ഞത്തിനു സമാനതകളില്ലാത്ത ലോജിസ്റ്റിക് നേട്ടങ്ങൾ ഉണ്ടാക്കാനാകും.
ലോകത്തിലെതന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകൾ വിഴിഞ്ഞത്തെത്തി നങ്കൂരമിട്ടത് വൻ നേട്ടമായിരുന്നു.വഖഫ് നിയമ ഭേദഗതിക്കുശേഷവും ആശങ്ക മാറാത്ത മുനന്പത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അടുത്ത മാസമാദ്യത്തെ കേരള സന്ദർശനത്തിൽ ഉണ്ടായേക്കും.
കേന്ദ്രമന്ത്രി കിരണ് റിജിജു മുനന്പത്തെത്തിയശേഷവും മുനന്പം നിവാസികളുടെ പ്രശ്നപരിഹാരം കോടതികളുടെ കരുണയിലായതിൽ തീരദേശവാസികൾ ദുഃഖത്തിലാണ്.
കൊല്ലം തീരത്തെ മണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരേ ഉയർന്ന പ്രതിഷേധം, കേരളത്തിലെ വന്യജീവി ആക്രമണങ്ങൾ, സംസ്ഥാനത്തിന്റെ സാന്പത്തിക അവകാശങ്ങൾ അടക്കമുള്ള പ്രശ്നങ്ങളിലും മോദിയുടെ കേരള സന്ദർശനത്തിൽ ആശാവഹമായ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ.