എഎപി നേതാവിന്റെ വീട്ടിൽ സിബിഐ റെയ്ഡ്
Friday, April 18, 2025 2:56 AM IST
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയേറ്റതിനു പിന്നാലെ ആം ആദ്മി പാർട്ടി നേതാവ് ദുർഗേഷ് പഥകിനെത്തേടി സിബിഐ സംഘം. മുൻ എഎപി എംഎൽഎ കൂടിയായ പഥകിന്റെ വസതികളിൽ സിബിഐ റെയ്ഡ് നടത്തി.
വിദേശ സംഭാവന (നിയന്ത്രണങ്ങൾ) നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് പാർട്ടിക്കായി സംഭാവന സ്വീകരിച്ചുവെന്നാണ് ആരോപണം.
ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിലാണ് നടപടി. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സഹ-ചുമതലയാണ് പഥക്കിനു പാർട്ടി നൽകിയിരിക്കുന്നത്. പഥകിനെതിരായ നടപടി ഭയത്തിൽനിന്ന് ഉടലെടുത്ത ഗൂഢാലോചനയാണെന്ന് മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ദുർഗേഷ് പഥക് ഏറ്റെടുത്തയുടനെ അദ്ദേഹത്തിന്റെ വീട്ടിൽ സിബിഐ റെയ്ഡ്! ഇത് യാദൃച്ഛികമല്ല, ഭയത്തിൽനിന്ന് ഉടലെടുത്ത ഗൂഢാലോചനയാണിത്- സിസോദിയ എക്സിൽ കുറിച്ചു. ഡൽഹി പ്രതിപക്ഷ നേതാവ് അതിഷിയും റെയ്ഡിനെ അപലപിച്ചു.