ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനേ സാധിക്കൂ: രാഹുൽ
Thursday, April 17, 2025 2:09 AM IST
അഹമ്മദാബാദ്: ആർഎസ്എസിനെയും ബിജെപിയെയും പരാജയപ്പെടുത്താൻ കോൺഗ്രസിനു മാത്രമേ സാധിക്കൂവെന്ന് രാഹുൽ ഗാന്ധി.
കാവിസഖ്യത്തിനെതിരായ പോരാട്ടം പ്രത്യയശാസ്ത്ര പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മൊദാസയിൽ നടന്ന ജില്ലാ പ്രവർത്തക കൺവൻഷനിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ വിശദീകരിച്ച അദ്ദേഹം നിഷ്ക്രിയരായ, ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ പാർട്ടിയിൽനിന്നു പുറത്താക്കുമെന്നും പറഞ്ഞു.
ജില്ലാ യൂണിറ്റുകൾക്കു കൂടുതൽ അധികാരവും ധനസഹായവും നൽകും. മുതിർന്ന നേതാക്കളുടെ പ്രകടനം വിലയിരുത്തുകയും താഴേത്തട്ടിലുള്ള പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബിജെപിയുടെ പരാജയത്തിന്റെ പാത തുറക്കുന്നത് ഗുജറാത്തിൽനിന്നായതിനാൽ കോൺഗ്രസ് പാർട്ടിക്ക് ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണിതെന്നും രാഹുൽ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലില്ലാത്തതിനാൽ ഗുജറാത്തിലെ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർന്നിരിക്കുന്നതായി രാഹുൽ സമ്മതിച്ചു. എന്നാൽ, കാവിപാർട്ടിയെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
"ബിജെപിയെ ഇവിടെ പരാജയപ്പെടുത്തുന്നതു ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് തോന്നുന്നു. ബിജെപിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്നു പറയാനാണ് ഞാൻ ഇവിടെ വന്നത്. ഇതിന് പാർട്ടിയുടെ നിലവിലെ പ്രവർത്തനങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടായാൽ മതി’- രാഹുൽ പറഞ്ഞു.
ജില്ലാ യൂണിറ്റുകൾ പ്രവർത്തിപ്പിക്കേണ്ടത് ജില്ലാ ഘടകമാണ്. അതല്ലാതെ അഹമ്മദാബാദിൽനിന്നാകരുത്. അതുകൊണ്ടാണ് ജില്ലാ അധ്യകന്മാർക്ക് കൂടുതൽ അധികാരം നൽകാൻ ആരംഭിച്ചതെന്നും രാഹുൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ ജില്ലാ പ്രസിഡന്റുമാർക്ക് കൂടുതൽ പങ്കാളിത്തമുണ്ടായിരിക്കും.
ജനങ്ങളുമായി ബന്ധം പുലർത്തുകയും അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന നേതാക്കളെ മാത്രമേ ഇനി പ്രോത്സാഹിപ്പിക്കുകയുള്ളൂ.അതേസമയം, നിഷ്ക്രിയരായവരെയോ തെരഞ്ഞെടുപ്പു സമയത്ത് മാത്രം സജീവമാകുന്നവരെയോ മാറ്റിനിർത്തുമെന്നും രാഹുൽ പ്രഖ്യാപിച്ചു.